
തിരുവനന്തപുരം: അത്‍ലറ്റിക്സ് സംഘാടകരുടെ പിടിപ്പുകേടിന്‍റെ രക്തസാക്ഷിയാണ് അഫീൽ ജോൺസൺ. മത്സരങ്ങൾ പെട്ടെന്ന് നടത്തി തീർക്കാനുള്ള സംഘാടകരുടെ ശ്രമമാണ് അഫീലിന്‍റെ ജീവനെടുത്തത്. അപകട സാധ്യതയുള്ള രണ്ട് മത്സരയിനം ഒരേസമയം നടത്തരുതെന്നാണ് ചട്ടം.
എന്നാൽ പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അപകടസാധ്യത ഏറെയുള്ള ജാവലിൻ ത്രോയും ഹാമർ ത്രോയും ഒരേസമയം നടത്തി. വേണ്ടത്ര മുൻകരുതലുകളില്ലാതെ നടത്തിയ മീറ്റിൽ മത്സരങ്ങൾ എത്രയും വേഗം നടത്തിത്തീർക്കുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം.
ഈ മനപ്പൂർവമുള്ള വീഴ്ചയാവട്ടെ ഫുട്ബോൾ താരംകൂടിയായ വോളണ്ടിയർ അഫീൽ ജോൺസന്‍റെ ജീവനെടുത്തു. ഇനിയെങ്കിലും ഇത്തരം പിടിപ്പുകേടുകൾ ആവർത്തിക്കരുതെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു.
കേരളത്തിൽ ആദ്യമായല്ല കളിക്കളത്തിൽ ഇത്തരം അപകടങ്ങളുണ്ടാവുന്നത്. 2008ൽ മലപ്പുറം ജില്ലയിലെ എടക്കരയിൽ സൂകൂൾ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. 2011ൽ ഹൈജംപിന്‍റെ ക്രോസ്ബാറായി ജാവലിൻ ഉപയോഗിച്ചപ്പോൾ ഒരു വിദ്യാർഥിയുടെ കണ്ണിന് പരുക്കേറ്റ് കാഴ്ച നഷ്ടമായി.എന്നാൽ ഇതിനേക്കാളെല്ലാം ഗുരുതര വീഴ്ചയാണ് സംസ്ഥാന അത്‍ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ചൊരു മീറ്റിലെ അഫീലിന്‍റെ ജീവനെടുത്ത അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam