
രാജ്‌കോട്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചു. 19 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ വീണ്ടും ഇതേ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്‌കോട്ട് മാളവ്യനഗറിലാണ് സംഭവം. നാല് വർഷം മുൻപാണ് ആദ്യ സംഭവം. അന്ന് പെൺകുട്ടിക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. സംഭവത്തിൽ പിടിയിലായ പ്രതി ഭഗവാനി റാത്തോഡിന് 44 വയസും പ്രായമുണ്ടായിരുന്നു. കേസിൽ നാല് വർഷത്തോളം തടവിൽ കഴിഞ്ഞ പ്രതി ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
പിന്നീട് നിരവധി തവണ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ഇത് പുറത്തുപറഞ്ഞാൽ, സഹോദരനെയം അച്ഛനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366, 376 (e), 506 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റാത്തോഡ് 2015 ൽ ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പത്ത് വർഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ക്രൂരത കാട്ടിയത്.
താൻ തടവിലായതിന് കാരണം പെൺകുട്ടിയുടെ മൊഴിയാണെന്നും കൂടെ വന്നില്ലെങ്കിൽ അച്ഛനെയും സഹോദരനെയും കൊന്നുകളയുമെന്നുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി പറഞ്ഞത്. പിന്നീട് സുരേന്ദ്രനഗർ എന്ന ജില്ലയിലെ ലിംഡി ഗ്രാമത്തിലേക്ക് ജനുവരിയിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെ പ്രതിയുടെ ബന്ധുവിന്റെ കൂടെ താമസിപ്പിച്ച ശേഷമായിരുന്നു പീഡനം. ഒരാഴ്ചയ്ക്ക് ശേഷം ഈ ബന്ധനത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ പെൺകുട്ടിയെ തേടി വീണ്ടും റാത്തോഡ് എത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിഞ്ഞത്. ഇതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam