ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; പ്രധാന തുമ്പായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവും

By Web TeamFirst Published Oct 30, 2022, 6:03 PM IST
Highlights

ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍. ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. 

ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ  ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. 

Also Read: ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  

സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്‍റെ അമ്മ പറയുന്നു. 

click me!