
പത്തനംത്തിട്ട: പത്തനംതിട്ട കുടപ്പനയിൽ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ വനംവകുപ്പിനെതിരെ കുടുംബം. ഉദ്യോഗസ്ഥർ മത്തായിയെ മർദ്ദിച്ച് കൊന്നതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു. കേസിൽ നിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ 75,000 രൂപ ആവശ്യപ്പെട്ടെന്നും ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നാരോപിച്ച് ഇന്നലെ ഉച്ചക്കാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. വൈകീട്ട് ഏഴുമണിയോടെ മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം സകണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. കേസിൽ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യാോഗസ്ഥരാണ് മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ട്പോയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മത്തായി കിണറ്റിൽ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രിമിക്കാതെ വനപാലകർ വാഹനം ഉപേക്ഷിച്ച് മുങ്ങിയെന്നും നാട്ടുകാർ പറയുന്നു.
കൊവിഡ് പരിശോധനക്കുള്ള സ്രവം എടുത്ത ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായി നാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതേസമയം വകുപ്പ് തല അന്വേഷണത്തിനായി വനം വകുപ്പ് സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘത്തെ നിയമിച്ചു.
രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോന്നി എംഎൽഎ കെയു ജനീഷ്കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam