ട്യൂഷന്‍ അധ്യാപകരുടെ മകനെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി, കൊലപാതകം 5000 രൂപയുടെ പേരില്‍

Published : Nov 03, 2023, 05:31 PM ISTUpdated : Nov 03, 2023, 05:34 PM IST
 ട്യൂഷന്‍ അധ്യാപകരുടെ മകനെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി, കൊലപാതകം 5000 രൂപയുടെ പേരില്‍

Synopsis

കുട്ടിയുടെ മാതാപിതാക്കൾ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നു. നിലവിളി കേട്ടാണ് ഓടിവന്നത്

ഭുവനേശ്വര്‍: ട്യൂഷന്‍ ഫീസിന്‍റെ പേരില്‍ പ്ലസ് ടു വിദ്യാർത്ഥി ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു. ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതികളുടെ മകനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്. 5000 രൂപ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പറ്റാതിരുന്നതോടെ തന്‍റെ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

ഒഡീഷയിലെ ജത്‌നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തന്‍റെ മുറിയിലായിരിക്കെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു. നിലവിളി കേട്ട് ദമ്പതികൾ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ മകന്‍ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ ഖുർദ ജില്ലാ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു സ്കൂൾ ബാഗ് കണ്ടെത്തി. അതിൽ സ്കൂൾ യൂണിഫോമും പുസ്തകങ്ങളും ഉണ്ടായിരുന്നു. ആ ബാഗിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞു. ചോദ്യംചെയ്യലിൽ പ്ലസ് ടു വിദ്യാർത്ഥി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

16കാരനെ കൊലപ്പെടുത്തിയത് ട്യൂഷൻ ടീച്ചറുടെ കാമുകൻ, കേസ് വഴിതിരിക്കാൻ 'അല്ലാഹു അക്ബർ' കത്ത്, കാരണം തേടി പൊലീസ്

രണ്ട് വർഷം മുമ്പ് താൻ ട്യൂഷന് പോയിരുന്നുവെന്നും 5000 രൂപ ഫീസായി നല്‍കാനുണ്ടെന്നും പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ പേരിൽ അധ്യാപകര്‍ തന്‍റെ മാതാപിതാക്കളെ പരസ്യമായി അപമാനിച്ചതു കൊണ്ടാണ് അവരുടെ മകനെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് മൊഴി. 

എന്നാല്‍ ഫീസിന്‍റെ പേരില്‍ അപമാനിച്ചിട്ടില്ല എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മനോജ് പാൽതാസിംഗ് പറഞ്ഞത്- "എന്റെ മകൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. അവന് ആരുമായും ശത്രുതയുണ്ടായിരുന്നില്ല. മറ്റാരെങ്കിലും കൊലയ്ക്ക് പിന്നിൽ ഉണ്ടായിരുന്നിരിക്കാം. കൃത്യമായ കാരണം കണ്ടെത്താൻ സിബിഐ അന്വേഷണം വേണം"
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്