പോക്സോ കേസ്; പ്ലസ് ടു അധ്യാപകനെതിരെ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Dec 2, 2019, 7:58 PM IST
Highlights

അധ്യാപകന്‍ പീഡിപ്പിച്ചതായി ആരോപിച്ച് നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പ്രതിയായ അധ്യാപകന്‍ ഒളിവിലാണ്.
 

കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനെതിരെ കോഴിക്കോട് ടൗൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അധ്യാപകന്‍ പീഡിപ്പിച്ചതായി ആരോപിച്ച് നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പ്രതിയായ അധ്യാപകന്‍ ഒളിവിലാണ്.

കോഴിക്കോട്ടെ ഒരു എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരയാണ് സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാള്‍ക്കെതിരെ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ ഒരു മാസം മുമ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. 

ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചു, ശരീരത്തിൽ കയറി പിടിച്ചു തുടങ്ങിയ ആരോപണങ്ങളുമായി 15 പെണ്‍കുട്ടികള്‍ കമ്മീഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്റ്‌ സസ്പെന്‍ഡ് ചെയ്തു. 

ഇതിനിടെ ഒളിവില്‍ പോയ അധ്യാപകന ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ്  പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുന്ദമംഗലം പെരിങ്ങൊളത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് പാസ്പോർട്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പതിക്കാനാണ് തീരുമാനം. അതേസമയം അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം  പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സംഘടിപ്പിക്കാനാണ്   സ്കൂള്‍ പിടിഎയുടെ തീരുമാനം.

click me!