വയനാട് മേപ്പാടിയിലെ പീഡനപരാതി; അച്ഛനും ഓട്ടോഡ്രൈവർക്കുമെതിരെ പോക്സോ കേസ്

By Web TeamFirst Published Nov 28, 2019, 9:54 PM IST
Highlights

അച്ഛനും സുഹൃത്തായ ഓട്ടോ ഡ്രൈവർക്കുമെതിരെയാണ് മേപ്പാടി പോലീസ് ഓരോ കേസുകള്‍ വീതം രജിസ്റ്റർ‍ ചെയ്തത്. ഇരുവരെയും വൈകാതെ അറസ്റ്റ് ചെയ്യും. പെൺകുട്ടിയിപ്പോള്‍ പോലീസിന്‍റെ സംരക്ഷണത്തിലാണ്.

വയനാട്: വയനാട് മേപ്പാടിയില്‍ ആദിവാസി ബാലികയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അച്ഛനും സുഹൃത്തിനുമെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പെൺകുട്ടി ലൈംഗികമായി പീഡനത്തിരയായിട്ടില്ലെന്നാണ് മേപ്പാടി പൊലീസിന്‍റെ പ്രാഥമിക നിഗമനം. അച്ഛനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വീട്ടിലെ മോശം സാഹചര്യത്തെകുറിച്ച് രണ്ടു വർഷം മുന്‍പുതന്നെ 14 വയസുകാരിയായ പെൺകുട്ടി ചൈല്‍ഡ് ലൈന്‍ പ്രവർത്തകരോട് കൗൺസിലിംഗില്‍ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അച്ഛനമ്മമാരോടൊപ്പം പെൺകുട്ടിയെ അയക്കരുതെന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് റിപ്പോർട്ട് നല്‍കി. കഴിഞ്ഞ ഏപ്രില്‍മാസം വരെ പെൺകുട്ടി സിഡബ്യുസിയുടെ സംരക്ഷണത്തിലായിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവർത്തകരുടെ നിർദ്ദേശം അവഗണിച്ച് ഈയിടെ പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു. തുടർന്നാണ് ലൈംഗിക അതിക്രമത്തിനിരയായത്. 

അച്ഛനും സുഹൃത്തായ ഓട്ടോ ഡ്രൈവർക്കുമെതിരെയാണ് മേപ്പാടി പോലീസ് ഓരോ കേസുകള്‍ വീതം രജിസ്റ്റർ‍ ചെയ്തത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത അച്ഛനെതിരെ പോക്സോ വകുപ്പുകളും ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ അപമര്യാദയായി സ്പർശിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇരുവരെയും വൈകാതെ അറസ്റ്റ് ചെയ്യും. പെൺകുട്ടിയിപ്പോള്‍ പോലീസിന്‍റെ സംരക്ഷണത്തിലാണ്.

click me!