
ഹരിപ്പാട്: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തിൽ മുട്ടം ദിലീപ് ഭവനത്തിൽ ദിലീപ് (39) നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടം കൃഷ്ണാലയം വീട്ടിൽ ജയനെ (48) ആണ് കുത്തി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്.
ജയൻ ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് മദ്യം വാങ്ങാനായി ദിലീപ് പണം ആവശ്യപ്പെട്ടത്. എന്നാൽ ജയൻ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ദിലീപ് കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരീലക്കുളങ്ങര എസ് ഐ ഷെഫീഖിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
അതേസമയം എറണാകുളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്നയാൾ പിടിയിലായെന്നതാണ്. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജൻ (37) നെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ ആക്രമണം. ബലം പ്രയോഗിച്ച് വീട്ടമ്മയുടെ ഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 4 വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. ഇതിന്‍റെ പേരിൽ ഇയാൾ സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കി. തുടർന്ന് വീട്ടമ്മ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സബ് ഇൻസ്പെക്ടർ മാരായ എസ് എൻ സുമതി, ടി കെ കൃഷ്ണകുമാർ, എ എസ് ഐ കെ.എം.സന്തോഷ്കുമാർ, എസ് സി പി ഒ മാരായ അനിൽകുമാർ, മിഥുൻ തമ്പി, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.