Latest Videos

പൊലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു

By Web TeamFirst Published Feb 16, 2021, 12:02 AM IST
Highlights

ബി.ജെ.പി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്‍.

കുറ്റ്യാടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പടെ അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബി.ജെ.പി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്‍. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു കുറ്റ്യാടി എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയത്.

ആദ്യം പൊലീസിനൊപ്പം ചെല്ലാമെന്ന് പറഞ്ഞ അശോകന്‍ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് മാറിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പൊടുന്നനെ അമ്പതോളം പേരടങ്ങുന്ന സംഘമെത്തി പൊലീസിനെ ആക്രമിച്ച് ആശോകനെ മോചിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ എംഎസ്പി സിപിഒ സബിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

ഇദ്ദേഹത്തിന് മൂക്കിനാണ് പരിക്ക്. പട്ടിക കൊണ്ട് തലക്കടിച്ചപ്പോള്‍ തടഞ്ഞതിനാല്‍ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കും പരിക്കേറ്റു. പൊലീസ് ജീപ്പിനും കേട് വരുത്തി. ഇന്‍ഡിക്കേറ്റര്‍ തല്ലിപ്പൊട്ടിക്കുകയും നമ്പര്‍ പ്ലേറ്റ് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അശോകന്‍, ഭാര്യ, കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപായപ്പെടുത്താനുള്ള ശ്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം പൊലീസ് രാത്രി അശോകന്‍റെ വീട്ടിലെത്തി ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. മഫ്തിയിലാണ് പൊലിസുകാര്‍ വീട്ടിലെത്തിയത്. ആര്‍എസ്.എസ് പ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിച്ചുള്ള പ്രതിരോധമായിരുന്നുവെന്നാണെന്നാണ് വിശദീകരണം.

click me!