
ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മുത്തശ്ശിയ പൊലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകള്‍ക്കും മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതുകൊണ്ടാണ് മുത്തശ്ശി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മധുര സ്വദേശികളായ ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ മകളെയാണ് ചിന്നസ്വാമിയുടെ അമ്മ നാഗമ്മാൾ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്.
ഫെബ്രുവരി 10-ാം തീയതിയാണ് ചിന്നസ്വാമി-ശിവപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഇവരുടെ മൂന്നാമത്തെ പെൺകുഞ്ഞായിരുന്നു ഇത്. ഫെബ്രുവരി 17ന് അവശ നിലയില്‍ കണ്ട കുഞ്ഞിനെ മാതാപിതാക്കള്‍ ഇസലാംപെട്ടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
ആശുപത്രിയിലെത്തിക്കും മുമ്പേ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് ചില പാടുകൾ കണ്ടത് ഡോക്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam