
ഇടുക്കി: രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. 9 പൊലീസുകാരാണ് മർദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞു. ഈ പൊലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേർത്തു.
"വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു. രാജ്‌കുമാറിന്‍റെ കണ്ണിൽ എസ്ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പോലീസുകാരികൾ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്‍റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു" ശാലിനി വെളിപ്പെടുത്തി.
തങ്ങൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.
പണത്തിന് വേണ്ടിയാണ് ക്രൂരമായ മർദ്ദനമുണ്ടായതെന്നും ശാലിനി സൂചിപ്പിച്ചു. ഷുക്കൂർ എന്ന പൊലീസുകാരൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശാലിനി പറഞ്ഞു.
നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാൽ, പൊലീസുകാരുടെ മർദ്ദനം കൊല്ലാൻ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam