ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതി സിറാജുദ്ദീനെക്കുറിച്ച് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പൊലീസ് 

By Web TeamFirst Published Sep 17, 2022, 5:31 PM IST
Highlights

പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇയാളില്‍ നിന്ന് മലപ്പുറം, കോട്ടയ്ക്കല്‍ ഭാഗങ്ങളിലെ 12 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോയും വിവരങ്ങളും അടങ്ങുന്ന ലിസ്റ്റും പൊലീസ് കണ്ടെടുത്തു.

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ കൊലക്കേസില്‍ ഒടുവില്‍ പിടിയിലായ മലപ്പുറം സ്വദേശി സിറാജുദ്ദീനെക്കുറിച്ച് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പൊലീസ്. സിറാജുദീൻ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ആളാണെന്നും പൊലീസ് പറയുന്നു.  വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട  പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് സിറാജുദ്ദീനാണ് ഒളിത്താവളം ഒരുക്കിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൈവെട്ട് കേസ്, സഞ്ജിത് കൊലക്കേസ് പ്രതികളെയും ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. പ്രതിയിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ  കൊലപാതക ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. 

പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇയാളില്‍ നിന്ന് മലപ്പുറം, കോട്ടയ്ക്കല്‍ ഭാഗങ്ങളിലെ 12 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോയും വിവരങ്ങളും അടങ്ങുന്ന ലിസ്റ്റും പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഇത്തരമൊരു  പട്ടിക ഇയാള്‍ സൂക്ഷിച്ചതെന്നും പൊലീസ് വിശദമായി പരിശോധിക്കും. ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസ്, സഞ്ജിത്ത് വധക്കേസ് തുടങ്ങിയവയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. സഞ്ജിത്ത്, ശ്രീനിവാസന്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.  സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് സിറാജുദ്ദീന്‍. 

ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന. ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസിലും ഇയാൾക്ക് പങ്കെന്ന് സൂചനയുണ്ട്.  ഏപ്രിൽ 16നാണ്  ശ്രീനിവാസൻ കൊല ചെയ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു സംഭവം. 

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.  ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

click me!