
ബംഗളൂരു: മരിച്ച് മൂന്നുമാസങ്ങൾക്കു ശേഷം ബംഗളൂരു സ്വദേശിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ ആറ് വയസ്സുള്ള മകന്‍റെ മൊഴിയാണ് സംഭവത്തിൽ നിർണ്ണായകമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ വെങ്കടേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു.
ബംഗളൂരു ചിന്നപ്പാളയ സ്വദേശിയായ ദേവരാജിന്‍റെ ഭാര്യ സുമലതയെ (23) സപ്തംബർ 18 നാണ് വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തിയത്. ഹൃദയാഘാതമെന്നു കരുതിയ ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയും മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു. പിന്നീടാണ് അമ്മ സുമലതയും അയൽവാസിയായ വെങ്കടേഷും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടാക്കിയെന്നും ഒടുവിൽ വെങ്കിടേഷ് സുമലതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സുമലതയുടെ ആറു വയസ്സുകാരനായ മകൻ വെളിപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സുമലതയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ കഴുത്തിൽ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. താനും സുമലതയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് വെങ്കടേഷ് പൊലീസിനോട് സമ്മതിച്ചു. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാൻ സുമലതയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മരണദിവസം ഇതു സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ വെങ്കടേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam