
കോഴിക്കോട്: കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ പയിമ്പ്ര സ്വദേശി ചന്ദ്രൻ മുക്കുപണ്ടം പണയം വച്ച സംഭവത്തിൽ പങ്കുള്ളയാളാണെന്ന് പൊലീസ്. ഇന്നലെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പയിമ്പ്രയിലെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പയിമ്പ്രയിലെ അമ്പലക്കുളത്തിലാണ് ബുധനാഴ്ച രാവിലെ നാട്ടുകാർ ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയോ പുലർച്ചെയോ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട്ടെ ദേശസാൽകൃത ബാങ്കിൽ പണയം വെക്കാനെത്തുന്ന ആഭരണങ്ങൾ സ്വർണമാണോ എന്ന് പരിശോധിക്കുന്ന ജോലിക്കാരനായിരുന്നു ചന്ദ്രൻ.
കോഴിക്കോട് ടൗണിൽ റെഡിമെയ്ഡ് ഷോപ്പ്, ബ്യൂട്ടിപാർലർ, ടെയിലറിംഗ് ഷോപ്പ് തുടങ്ങിയ ബിസിനസുകൾ നടത്തുന്ന ബിന്ദുവിന് ബാങ്കുമായി നല്ല ബന്ധമുണ്ടായിരുന്നു. ബാങ്കിലെ ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടാകാമെന്ന് ആദ്യ ഘട്ടത്തിലേ പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്ദുവിന്ഡറെ മൊഴിയിൽ നിന്നാണ് ചന്ദ്രനെ കൂട്ടുപിടിച്ചാണ് തട്ടിപ്പുകൾ നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്.
ഇതോടെ ഇയാളെ ചോദ്യം ചെയ്തതായും തട്ടിപ്പ് സംബന്ധിച്ച് നിർണായക വിവരങ്ങൾ കിട്ടിയതായും പൊലീസ് പറയുന്നു. 2020 ഫെബ്രുവരി മുതൽ നവംബർ വരെ അഞ്ചരകിലോ വ്യാജസ്വർണ്ണമാണ് പണയം വച്ചത്. സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളും ബിന്ദു ഇതിനായി ഉപയോഗപ്പെടുത്തി. ഒമ്പത് അക്കൗണ്ടുകളിലായി നടത്തിയ 44 ഇടപാടുകൾ ചന്ദ്രന്‍റെ അറിവോടെയായിരുന്നെന്ന് പൊലീസ് പറയുന്നു.
ബാങ്കിന്‍റെ ഓഡിറ്റിങ്ങിനിടെ കൂടുതൽ തുക ചില അക്കൗണ്ടുകളിലേക്ക് പോയത് ശ്രദ്ധയിൽ പെട്ടതോടെയാണ് സ്വർണ്ണപരിശോധന നടത്തിയതും ബാങ്ക് അധികൃതർ പരാതി നൽകിയതും.പിന്നീട് വലിയ തട്ടിപ്പിന്‍റെ വിശദ വിവരങ്ങൾ പുറത്ത് വരികയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു സംഘമായി അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണ് ചന്ദ്രന്‍റെ ആത്മഹത്യ. മൃതദേഹം പോസ്റ്റ്മോർട്ടം പരിശഓധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam