
മേഘാലയ: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ അറസ്റ്റിലായ സോനം അടക്കം അഞ്ച് പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭർത്താവ് രാജാ രഘുവൻഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് സോനം മേഘാലയയിലേക്ക് വിനോദയാത്ര നടത്തിയെന്ന് പൊലീസ് കണ്ടെത്തൽ. ഇതിനിടെ കൊല്ലപ്പെട്ട രാജാ രഘുവൻഷിയുടെ അമ്മയെ സോനത്തിന്റെ സഹോദരൻ കണ്ടത് വൈകാരിക രംഗങ്ങൾക്കിടയാക്കി.
ഭർത്താവ് രാജാ രഘുവൻഷിയെ ഇല്ലാതാക്കാൻ ഉറച്ച തീരുമാനം എടുത്താണ് സോന വിനോദയാത്രയ്ക്ക് പോയതെന്നാണ് പൊലീസ് ഭാഷ്യം. മെയ് 20 ന് ഇരുവരും മേഘാലയിലേക്ക് പോകുന്നത് മൂന്ന് ദിവസം മുൻപ് പ്രതികളുമായി ചേർന്ന് സോനം ക്വട്ടേഷൻ ഉറപ്പിച്ചു. 20 ലക്ഷം രൂപയുടെ ക്വട്ടേഷന് അൻപതിനായിരം രൂപ ആദ്യം നൽകി.
കൊലയാളികൾ മെയ് 17ന് ട്രെയിൻ മാർഗം ദില്ലി വഴി ഗുവഹാത്തിയിലേക്കും പിന്നീട് മേഘാലിയിലേക്കും എത്തി. സോനം നൽകിയ യാത്രവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇരുവരെയും പിൻതുടർന്നു. കൊലപാതകം നടന്ന സ്ഥലമെത്തുന്നതിന് തൊട്ടുമുമ്പ് സോനം അവശത അഭിനയിച്ച് നടത്തം പതിയെയാക്കി. സോനം നൽകിയ നിർദേശം അനുസരിച്ച് കൊലയാളികൾ രാജ രഘുവംശിയുടെ പിന്നാലെ വന്ന് ആക്രമിച്ചു.
എല്ലാം കണ്ടു നിന്ന സോനം മൃതദേഹം കൊക്കയിലേക്ക് എറിയാനും പ്രതികളെ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. രണ്ടുദിവസത്തിന് ശേഷം ഷില്ലോങ്ങില്‍നിന്ന് ട്രെയിൻ മാർഗം ഇൻഡോറിലേക്ക് പോയ സോനം കാമുകനായ രാജ് കുശ്വഹായെ കണ്ടു. ഇവിടെ ഹോട്ടൽ മുറിയിൽ താമസിച്ച സോനം തന്നെ തട്ടിക്കൊണ്ടുപോയി എന്ന വരുത്തിതീർക്കാനാണ് യുപി ഗാസിപൂരിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ കൊല്ലപ്പെട്ട രാജാ രഘുവൻഷിയുടെ അമ്മയെ സോനത്തിന്റെ സഹോദരൻ കണ്ടു. രഘുവൻഷിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ സഹോരൻ സോനം തന്നെയാണ് കൊലപാതകം നടത്തിയതെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പ്രതികരിച്ചു. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ നാളെയും തുടരും.