'ടയറിന്‍റെ കാറ്റൂരി വിട്ട് പ്രതികള്‍ കാത്തിരുന്നു'; മൃഗ ഡോക്ടറുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

By Web TeamFirst Published Nov 29, 2019, 8:37 PM IST
Highlights

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. 

ഹൈദരാബാദ്: ഹൈദരാബാദിൽ യുവതിയെ ട്രക്ക് ഡ്രൈവറും സഹായികളും ചേർന്ന് ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലീസ്. രാത്രിയാത്രയ്‍ക്കിടെ സ്കൂട്ടർ കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ ആക്രമിച്ചത്. ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടേതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അന്വേഷണത്തിനൊടുവിൽ കൊലപാതകം നടത്തിയ നാല് പേരെ പൊലീസ് പിടികൂടി. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് പ്രതികള്‍. 

മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രതികള്‍ നടപ്പാക്കിയത് ഇങ്ങനെയെന്ന് പൊലീസ്...

നവാബ്പേട്ടിലെ ക്ലിനിക്കിലേക്കാണ് യുവതി ബുധനാഴ്ച വൈകീട്ട് പോയത്. വഴിയിലുളള ഷംസാബാദിലെ ടോൾഗേറ്റിനടുത്ത് സ്കൂട്ടർ നിർത്തി,അവിടെ നിന്ന് ടാക്സിവിളിച്ച് നവാബ്പേട്ടിലേക്ക് പോയി. പ്രതികൾ നാല് പേരും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യുവതി പോയ ഉടൻ ഇവർ ടയറിന്‍റെ കാറ്റൂരി വിട്ട് തിരിച്ചെത്താൻ കാത്തിരുന്നു. രാത്രി ഒൻപതരയോടെയാണ് യുവതി എത്തിയത്. ടയർ കേടായത് കണ്ടയുടൻ ഇവർ സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞു. ട്രക്ക് ഡ്രൈവർമാർ കുറേപ്പേർ ഉണ്ടെന്നും പേടിയാകുന്നുവെന്നും പറഞ്ഞു. ഇതിനിടെ പ്രതികളിലൊരാൾ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് അടുത്തെത്തി. ടോൾഗേറ്റിനടുത്തേക്ക് മാറിനിൽക്കാൻ സഹോദരി പറഞ്ഞെങ്കിലും സ്കൂട്ടർ നന്നാക്കിക്കിട്ടുന്നത് വരെ സ്ഥലത്ത് തുടരാമെന്നാണ് യുവതി പറഞ്ഞത്.

വര്‍ക്ഷോപ്പ് തുറന്നിട്ടില്ലെന്ന മറുപടിയുമായി ഒരാൾ ഇതിനിടെ വന്നു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പ്രതികളും ചേർന്നു. ട്രക്കുകളുടെ മറവിൽ നിന്നിരുന്ന യുവതിയെ ബലമായി അടുത്തുളള കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ലോറിയിൽ കയറ്റി. രണ്ട് പേർ ഇവരുടെ സ്കൂട്ടറുമായി പമ്പുകളിൽ കറങ്ങി പെട്രോൾ വാങ്ങി. ഒഴിഞ്ഞ സ്ഥലത്തെ അടിപ്പാതയിലെത്തിച്ച് പിന്നീട് തീകൊളുത്തുകയായിരുന്നു.
ട്രക്കുകളുടെ മറവിലായതിനാൽ റോഡിലൂടെ പോയവരൊന്നും സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ രാത്രി തന്നെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തെ തെലങ്കാന മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുളളവർ അപലപിച്ചു. ശക്തമായ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. അതിനിടെ യുവതി സമയത്ത് പൊലീസിനെ വിളിക്കാതിരുന്നത് ശരിയായില്ലെന്ന തെലങ്കാന ആഭ്യന്തര മന്ത്രി മെഹമൂദ് അലിയുടെ പ്രസ്താവന വിവാദമായി.

click me!