
തൊടുപുഴ: ഇടുക്കി ചേമ്പളത്ത് ആളുകളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരിൽ മുഖ്യപ്രതിയടക്കമുള്ളവരെ ഇനിയും പിടികൂടാതെ പൊലീസ്. ചേമ്പളം മേഖലയിൽ വച്ചുതന്നെ പ്രതികളെ കണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് മർദ്ദനമേറ്റവരുടെ പരാതി. മദ്യലഹരിയിലായിരുന്ന പതിമൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് തിരുവോണദിനത്തിൽ ചേമ്പളം ടൗണിൽ വച്ച് കുട്ടികളടക്കമുള്ളവരെ ആക്രമിച്ചത്.
ഇതിൽ മൂന്ന് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ഷാരോണ് അടക്കമുള്ള പത്ത് പേർ ഒളിവിലാണെന്നാണ് നെടുങ്കണ്ടം പൊലീസിന്റെ ഭാഷ്യം. എന്നാൽ ഷാരോണിനെ ചേമ്പളം മേഖലയിൽ വച്ചുതന്നെ നാട്ടുകാർ പലകുറി കണ്ടെന്നും, പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടും പിടികൂടുന്നില്ലെന്നാണ് മർദ്ദനമേറ്റവരുടെ ആരോപണം.
ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് കൊടുത്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ നൽകിയ പരാതിയിലും പൊലീസ് നടപടിയില്ല. ഡിവൈഎഫ്ഐ പ്രവർത്തകരെ രക്ഷിക്കാൻ സിപിഎമ്മിന് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് നേരത്തെ തന്നെ നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam