
പൂനെ: പൂനെയിൽ 17കാരൻ ഓടിച്ച ആഡംബര കാർഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാനായി ഇടനിലക്കാരായ രണ്ട് പേർ അറസ്റ്റിലായി. 17കാരന്റെ രക്ത സാംപിൾ പരിശോധനയ്ക്ക് മുൻപ് ഡോക്ടർമാരുമായി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് പേരെയാണ് പൂനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 17കാരന്റെ പിതാവുമായി പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ ബന്ധപ്പെടുത്തിയത് ഇടനിലക്കാരായിരുന്നു. യേർവാഡ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്.
മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂൺ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പതിനേഴുകാരനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന ആശുപത്രിയിലെ ഡോക്ടർമാരും പതിനേഴുകാരന്റെ പിതാവുമായി ഡീൽ ഉറപ്പിച്ചത് ഇടനിലക്കാരായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ 17കാരന്റെ പിതാവും മുത്തച്ഛനും അമ്മയും അറസ്റ്റിലായിരുന്നു. രക്ത സാംപിൾ അമ്മയുടെ രക്തവുമായി മാറ്റി പരിശോധിച്ച് റിസൽട്ട് നൽകിയ ഡോക്ടർമാരും ഇതിനോടകം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
മെയ് 19 പുലർച്ചെയാണ് 17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഡോക്ടർമാരുടെ വീട്ടിൽ നിന്ന് പൊലീസ് മൂന്ന് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കാണ് പൊലീസ് 17കാരനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ ആരംഭത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വിമർശനം രൂക്ഷമായതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam