ക്ഷേത്രത്തിനവകാശപ്പെട്ട ഭൂമി എന്ന പേരിൽ സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറാൻ ശ്രമം; അക്രമികളെത്തിയത് പൊലീസ് വേഷത്തിൽ

By Web TeamFirst Published Mar 30, 2019, 10:21 AM IST
Highlights

പേരൂർക്കടയിൽ കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യവ്യക്തിയുടെ വീടിന്‍റെ ഗേറ്റ് പൊളിച്ച് ഭൂമി കയ്യേറാൻ ശ്രമം. സമീപത്തെ ക്ഷേത്രത്തിനവകാശപ്പെട്ട ഭൂമിയാണെന്നാരോപിച്ചാണ് പൊലീസ് വേഷത്തിലെത്തിയ അക്രമികൾ ഗേറ്റ് പൊളിച്ചത്. 

തിരുവനന്തപുരം: പേരൂർക്കടയിൽ കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യവ്യക്തിയുടെ വീടിന്‍റെ ഗേറ്റ് പൊളിച്ച് ഭൂമി കയ്യേറാൻ ശ്രമം. സമീപത്തെ ക്ഷേത്രത്തിനവകാശപ്പെട്ട ഭൂമിയാണെന്നാരോപിച്ചാണ് പൊലീസ് വേഷത്തിലെത്തിയ അക്രമികൾ ഗേറ്റ് പൊളിച്ചത്. ഗേറ്റ് പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.പേരൂർക്കട തെരുവിൽ ദുർഗാ ദേവി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന അംബികയുടെ വീടിന്‍റെ ഗേറ്റാണ് ഇങ്ങിനെ തകർക്കുന്നത്. മാർച്ച് 24ന് പുലർച്ചെ ഒരു മണിയോടെയാണ് കാക്കി കോട്ടും ഹെൽമറ്റും ധരിച്ച് രണ്ട് പേർ എത്തിയത്. 

അക്രമികൾ ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകരാണെന്ന് അംബികയും കുടുംബവും പറയുന്നു. ഗേറ്റ് പൊളിച്ചത് കൂടാതെ ക്ഷേത്ര മതിലിന്‍റെ കല്ലുകൾ ഇളക്കി വീടിന്‍റെ മുറ്റത്ത് കൂടെ പുതിയ വഴിയും ഒരുക്കി. പരാതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകർ മർദ്ദിച്ചെന്നും കുടുംബം പറയുന്നു. രണ്ട് വർഷത്തിനിടെ പല തവണ ഗേറ്റ് തകർത്ത് ഭൂമി കയ്യേറാൻ ശ്രമം നടന്നു. ഇരുകൂട്ടരും കോടതിയെ സമീപിച്ചിരുന്നു. 

ഭൂമിയുടെ പൂർണ അവകാശം കുടുംബത്തിനാണെന്നും ക്ഷേത്ര സംരക്ഷണ സമിതി അതിക്രമിച്ച് കയറരുതെന്നുമുള്ള തിരുവനന്തപുരം മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തവരവിന്‍റെ ബലത്തിലാണ്  വീണ്ടും ഗേറ്റ് കെട്ടിയത്. എന്നാല്‍ ഗേറ്റ് പൊളിച്ചത് തങ്ങളല്ലെന്ന് ക്ഷേത്ര സംരക്ഷണ സമതി അറിയിച്ചു. ക്ഷേത്രത്തിനായി വീട്ടിലേക്കുള്ള ഏക വഴി പൂർണമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം.അല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വീടടക്കം ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയും വച്ചു. കോടതിയെയും പൊലീസിനെയും അംബികയും കുടുംബം തെറ്റ് ധരിപ്പിച്ചതാണെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ വാദം. 

click me!