
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ (Kanjirappally) സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടി വെച്ച് കൊന്നു. മണ്ണാറക്കയം (Mannarakkayam) കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനെ പൊലീസ് പിടികൂടി. വെടിയേറ്റ ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല. തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിച്ചു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിൻറ് 9mm റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam