
കൊച്ചി: സ്വദേശത്തേക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ടുള്ള അതിഥി തൊഴിലാളികളുടെ പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നു. കൊല്ലം തോപ്പിൽകടവില്‍ നാട്ടിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. എറണാകുളം കിഴക്കമ്പലത്ത് കാൽനടയായി എത്തിയ സ്ത്രീ തൊഴിലാളികളെ പൊലീസ്അനുനയിപ്പിച്ചു സ്കൂളിലേക്ക് മാറ്റി.
കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ആണ് 12 മണിയോടെ സ്വദേശത്തേക്ക് പോകാൻ ഇറങ്ങിയത്. ജാർഖണ്ഡ് സ്വദേശികളായ അഞ്ഞൂറോളം തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. പൊലീസും തൊഴിൽ വകുപ്പ് അധികൃതരും ഇവരെ തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. ഒടുവിൽ കിഴക്കമ്പലം ബസ് സ്റ്റാൻഡിനു മുന്നിൽ ഇവരെ തടഞ്ഞു. ഇന്ന് ജാർഖണ്ഡിലേക്ക് ട്രെയിൻ ഇല്ലെന്നും മറ്റന്നാൾ സൗകര്യം ഒരുക്കാം എന്നും അറിയിച്ചു. സ്കൂളിൽ താമസം കൂടി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവർ വഴങ്ങിയത്.
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ലേബര്‍ ഓഫിസറെ കാണാൻ കലക്ടറേറ്റിനു മുന്നിൽ കൂട്ടം കൂടിയ അതിഥി തൊഴിലാളികളെ അവിടെ നിന്നും മടക്കി അയച്ചതിനു പിന്നാലെയാണ് കൊല്ലം തോപ്പിൽകടവില്‍ തൊഴിലാളികള്‍ സംഘടിച്ചത്. ഭക്ഷണം കിട്ടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. പലതവണ പറഞ്ഞിട്ടും പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഇതോടെ തൊഴിലാളികള്‍ ചിതറിയോടി. ചിലര്‍ വീണ്ടും കൂട്ടം കൂടി എത്തിയെങ്കിലും പൊലീസ് വിരട്ടി ഓടിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam