
പുനെ: ദുബായിയിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ മർദ്ദിച്ചതിനെ തുടർന്ന് 36കാരന് ദാരുണാന്ത്യം. മൂക്കിന് അടിയേറ്റ 36കാരനാണ് മരിച്ചത്. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. നിഖിൽ ഖന്ന എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേണുക അറസ്റ്റിലായി. നിർമാണമേഖലയിലെ വ്യവസായിയാണ് നിഖിൽ ഖന്ന. ആറുവർഷം മുമ്പാണ് ഇരുവരും പ്രണയിട്ട് വിവാഹിതരായത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.
നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നിഖിൽ നൽകിയില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കാൻ ദില്ലിയിലേക്ക് പോകാൻ നിഖിൽ അനുവദിക്കാത്തതും പ്രശ്നങ്ങൾക്ക് കാരണമായി. വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്ക് തകരുകയും പല്ല് പൊഴിയുകയും ചെയ്തു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിൽ മരിച്ചു. അതിനിടെ, ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തു. നിഖിൽ ഖന്നയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
2017 നവംബറിലാണ് നിഖിൽ രേണുകയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചു. സെപ്തംബർ 18ന് ദുബായിൽ പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു രേണുകയുടെ ആഗ്രഹം. എന്നാൽ അത് നടന്നില്ല. നവംബർ 5 ന് അവർ വിവാഹ വാർഷികം ആഘോഷിച്ചെങ്കിലും നിഖിൽ രേണുകക്ക് ഇഷ്ടപ്പെട്ട സമ്മാനം നൽകാത്തതിനാൽ അവൾ അസന്തുഷ്ടയായിരുന്നു. ഈ സംഭവത്തെ തുടർന്നും പ്രശ്നമുണ്ടായിരുന്നുവെന്നും നിഖിലിന്റെ പിതാവ് പറഞ്ഞു.
രേണുകയുടെ ബന്ധുവിന്റെ ജന്മദിനത്തിനായി ദില്ലിയിലേക്ക് പോകാനുള്ള രേണുകയുടെ തീരുമാനത്തെ എതിർത്തതാണ് അവസാനത്തെ പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഘട്ടനത്തിന് ശേഷം രേണുക തന്നെയാണ് തന്നെ ഫോണിൽ വിളിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയപ്പോൾ മകൻ നഗ്നനായി നിലത്ത് കിടക്കുന്നതും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതുമാണ് കണ്ടതെന്നും അദ്ദേഹം പൊലീസിന് മൊഴി നൽകി.