'അച്ഛനമ്മമാരുടെ മൃതദേഹങ്ങൾക്ക് അരികെ ഇരുന്ന് ആപ്പിൾ കഴിച്ചു', പ്രതി കടുത്ത ലഹരിക്കടിമ

Published : Jan 12, 2022, 11:13 AM ISTUpdated : Jan 12, 2022, 12:40 PM IST
'അച്ഛനമ്മമാരുടെ മൃതദേഹങ്ങൾക്ക് അരികെ ഇരുന്ന് ആപ്പിൾ കഴിച്ചു', പ്രതി കടുത്ത ലഹരിക്കടിമ

Synopsis

പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. അരുംകൊലയാണ് നടന്നത്. ദമ്പതികളെ തുരുതുരാ വെട്ടിയ മകൻ, മരണം ഉറപ്പാക്കാൻ മുറിവുകളിൽ കീടനാശിനിയൊഴിച്ചു.

പാലക്കാട്: പുതുപ്പരിയാരത്ത് ഓട്ടൂർക്കാവിൽ ദേവി - ചന്ദ്രൻ എന്നീ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ സനൽ തന്നെ. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ അച്ഛനമ്മമാരെ എങ്ങനെയാണ് കൊന്നതെന്ന് പൊലീസിനോട് വിശദമായി മകൻ പറഞ്ഞു. ഒട്ടും കൂസലില്ലാതെയാണ് എങ്ങനെയാണ് അച്ഛനമ്മമാരെ കൊന്നതെന്ന് സനൽ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരെ കൊന്ന ശേഷം കയ്യിൽ കരുതിയിരുന്ന വിഷക്കുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചു. അമ്മയുടെ ദേഹത്ത് വിഷം കുത്തിവയ്ക്കാൻ ശ്രമിക്കുമ്പോൾ രക്തത്തിൽ കാല് തെന്നി വീണ് സിറിഞ്ചൊടിഞ്ഞുവെന്ന് പറഞ്ഞ സനൽ, അതിന് ശേഷമാണ് മുറിവുകളിൽ വിഷവും കീടനാശിനിയുമൊഴിച്ചതെന്നും പൊലീസുകാരോട് സമ്മതിച്ചു. 
കടുത്ത ലഹരിക്കടിമയാണ് മകൻ സനലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപ്പെടുത്തിയ ശേഷം സ്വന്തം അച്ഛനമ്മമാരുടെ മൃതദേഹങ്ങൾക്ക് സമീപമിരുന്ന് ഇയാൾ ആപ്പിൾ കഴിച്ചുവെന്നും ഇതിന് ശേഷമാണ് അച്ഛന്‍റെ മുറിയിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും സനൽ പൊലീസിനോട് സമ്മതിച്ചു. 

പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. തൊട്ടടുത്തുള്ള ഉമ്മിനി എന്നയിടത്ത് പുലി ഇറങ്ങിയിട്ടുള്ളതിനാൽ നാട്ടുകാർ ആരും പുറത്തിറങ്ങിയിരുന്നില്ല. സ്ഥലത്ത് നിന്ന് ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. രാവിലെ ഇരുവരെയും എറണാകുളത്തുള്ള മകൾ സൗമിനി പല തവണ ഫോണിൽ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടർന്നാണ് ഇവർ അയൽവാസികളെ വിളിച്ചത്. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. 

അരുംകൊലയാണ് നടന്നത്. ദമ്പതികളെ തുരുതുരാ വെട്ടിയ മകൻ, മരണം ഉറപ്പാക്കാൻ മുറിവുകളിൽ കീടനാശിനിയൊഴിച്ചു. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെത്തുടർന്നാണ് തർക്കമുണ്ടായത്. വാക്കുതർക്കം കടുത്തപ്പോൾ അടുക്കളയിൽ നിന്ന് അരിവാളും കൊടുവാളും എടുത്തുകൊണ്ടുവന്ന മകൻ സനൽ അമ്മയെ വെട്ടിവീഴ്ത്തി. അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനൽ സമ്മതിച്ചു. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടി. ദേവിയുടെ ദേഹത്ത് 33 വെട്ടുകളുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 

ഭാര്യയെ മകൻ വെട്ടുന്നത് കണ്ട, നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ ചന്ദ്രൻ കിടക്കയിൽ കിടന്ന് നിലവിളിച്ചു. അപ്പോഴാണ് അച്ഛനെയും വെട്ടിയത്. ചന്ദ്രന്‍റെ ശരീരത്തിൽ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോൾ ഇയാൾ മുറിവുകളിലും വായിലും കീടനാശിനിയൊഴിച്ചു. മുറിവുകളിൽ വിഷം കയറി ഇരുവരും മരിച്ചു എന്നുറപ്പാക്കാനാണ് ഇത് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം ഇയാൾ രക്തം കഴുകിക്കളഞ്ഞത് അച്ഛൻ കിടന്ന മുറിയിലെ ശുചിമുറിയിൽ നിന്നാണ്. ഇതിന് ശേഷമാണ് അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിൾ കഴിച്ചത്.

കൊലപാതകത്തിന് ശേഷം ചോര പുരണ്ട ഷർട്ട് പിന്നിലെ വിറകുപുരയിൽ വിറകുകൾക്കടിയിൽ ഒളിപ്പിച്ചു. കുളിച്ച് വൃത്തിയായ ശേഷം പിന്നിലെ വാതിൽ തുറന്ന് അത് വഴി രക്ഷപ്പെട്ടു. ബംഗളുരുവിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചത്. അവിടെയെത്തിയ പ്രതി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തന്ത്രപരമായി പൊലീസ് കുരുക്കിയ വലയിലാണ് അകത്താകുന്നത്. അച്ഛനും അമ്മയും മരിച്ചുവെന്നും ഉടനെത്തണമെന്നും സനലിനോട് പൊലീസ് പറഞ്ഞു. ഇതോടെ തന്നെ പൊലീസ് സംശയിക്കുന്നില്ലെന്ന് കരുതിയ ഇയാൾ ഒന്നുമറിയാത്തത് പോലെ സ്ഥലത്തേക്കെത്തി. നാട്ടിലെത്തിയ പ്രതിയെ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു.

ഒട്ടും കുറ്റബോധമില്ലാതെയാണ് താൻ നടത്തിയ കൊലപാതകം പൊലീസിനോട് ഇയാൾ വിവരിച്ചത്. കൊല നടന്ന സമയത്ത് ഉപയോഗിച്ച ചോര പുരണ്ട ഷർട്ട് കണ്ടെത്തി. 'നോർമൽ ഈസ് ബോറിങ്ങ്' എന്ന എഴുത്തുള്ള ടീഷർട്ടായിരുന്നു ഇത്. അമ്മയെ വെട്ടിയ വടിവാളിൽ അവരുടെ മുടിയും തെളിവെടുപ്പിനിടെ കണ്ടെത്തി. വെട്ടാനുപയോഗിച്ച മറ്റൊരു അരിവാളും കണ്ടെത്തി. വീടിന് പിന്നിലെ വർക്ക് ഏരിയയിലെ പുസ്തകങ്ങൾക്കിടയിലാണ് ആയുധം ഇട്ടത്. ഇത് പൊലീസ് എടുത്തുകാട്ടിയപ്പോൾ അതിൽ അമ്മയുടെ മുടി കണ്ടപ്പോഴും പ്രതിക്ക് ഭാവഭേദമൊന്നുമുണ്ടായില്ല. വിഷക്കുപ്പി കുളിമുറിയുടെ സൺഷേഡിൽ നിന്നാണ് കണ്ടെത്തിയത്. ആയുധത്തിൽ നിന്നു കണ്ടെത്തിയ മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്ന സനലിന് കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ജോലി നഷ്ടമായത്. ഇതേത്തുടർന്ന് ഏറെക്കാലമായി അച്ഛനമ്മമാർക്കൊപ്പമായിരുന്നു സനൽ കഴിഞ്ഞിരുന്നത്. കടുത്ത ലഹരിവസ്തുക്കൾ ഇയാൾ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല നടന്ന ദിവസം രാത്രി 9 മണി വരെ സനൽ വീട്ടിലുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചതാണ് കേസന്വേഷണത്തിൽ നിർണായകമായത്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ