
ചെന്നൈ: കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശികള്‍ മൂന്ന് ദിവസത്തിനിടെ ചെന്നൈയില്‍ നാല് വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് കണ്ടെത്തി. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
ചെന്നൈ നാങ്കനല്ലൂരില്‍ വ്യവസായിയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ മധ്യപ്രദേശിലെ നാഗ്‌ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാനിലെ ബാഗ്രി സമുദായത്തില്‍പ്പെട്ട ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തിയ ശേഷം ട്രെയിനില്‍ ഗ്രാമത്തിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.
എഴുപത്തിരണ്ട് മണിക്കൂറിനിടെ നാല് വീടുകള്‍ കുത്തി തുറന്ന് മോഷ്ടിച്ചു. അഞ്ച് പേര്‍ അടങ്ങിയ സംഘമായി തിരിഞ്ഞായിരുന്നു മോഷണം. നാങ്കനല്ലൂരിലെ വ്യവസായിയുടെ വീട്ടില്‍ മോഷണം നടത്തിയ അതേ രാത്രി, താമ്പരത്തെ മറ്റൊരു വീടും കൊള്ളയടിച്ചു. പതിനഞ്ച് പവന്‍ സ്വര്‍ണവും 65000 രൂപയും ഇവിടെ നിന്ന് മോഷ്ടിച്ചു. രണ്ട് ദിവസം മുമ്പ് സംഘങ്ങളായി തിരിഞ്ഞ് ആദംമ്പാക്കത്തും പഴവന്താങ്കലിലും രണ്ട് വീടുകളില്‍ സമാന രീതിയില്‍ ഇവര്‍ മോഷണം നടത്തി. 40 പവനോളം സ്വര്‍ണം കവര്‍ന്നു.
കെട്ടിടനിര്‍മ്മാണ തൊഴിലാളികളായി ചെന്നൈയിൽ എത്തി താമസം തുടങ്ങുകയായിരുന്നു പ്രതികൾ. പിന്നീട് പ്രദേശത്തെ വീടുകളില്‍ ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണം. നാങ്കനല്ലൂരിലെ വ്യവസായിയുടെ വീട്ടില്‍ നിന്ന് 120 പവന്‍ സ്വര്‍ണം ലഭിച്ചതിന് പിന്നാലെയാണ് മോഷ്ടാക്കള്‍ ജനറല്‍ കംപാർട്ട്‌മെന്റിൽ കയറി ജയ്‌പൂരിലേക്ക് തിരിച്ചത്.
മൊബൈല്‍ ഫോണുകള്‍ റെയില്‍വേ സ്റ്റേഷന് സമീപം കൂട്ടമായി ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. റെയില്‍വേ പൊലീസിന് കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. 'ബാവേറിയ' ഗ്യാങ്ങ് എന്നറിയപ്പെടുന്ന ഇത്തരം മോഷ്ടാക്കള്‍ വിവിധ സംഘങ്ങളായി തമ്പടിച്ചാണ് മോഷണം നടത്തുന്നത്.സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam