
ഫോട്ടോ: മുംതാസ്, സഹീറ, അലി അക്ബര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ നെടുമങ്ങാടിനെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. സർക്കാർ ഉദ്യോഗസ്ഥനായ അലി അക്ബറാണ് ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ഭാര്യ മുതാംസ്, ഇവരുടെ മാതാവ് സഹീറ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അലി അക്ബറിന്റെ നിലയും അതിഗുരതരമാണ്. കൊലപാതകത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. ഇരുവർക്കും സർക്കാർ ഉദ്യോഗം. അതും വലിയ തസ്തികയിൽ. എന്നിട്ടും എങ്ങനെയാണ് ഇത്രയധികം സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്കുണ്ടായതെന്ന് നാട്ടുകാർക്കറിയില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ സൂപ്രണ്ടാണ് അക്ബർ. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്‍ററി സ്കൂൾ അധ്യാപികയും. അലി അക്ബര്‍ പലരിൽ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തര വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അലി അക്ബറിനെതിരെ മുംതാസ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിൻ്റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബർ അടുത്ത മാസം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് ക്രൂര കൊലപാതകം നടത്തിയത്.
രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് ഭക്ഷണം തയ്യാറാക്കാനായി മുംതാസും സഹീറയും അടുക്കളയിലായിരുന്നു. ഇവിടേക്ക് അപ്രതീക്ഷിതമായി എത്തിയ അലി അക്ബർ ഇരുവരെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തി. പിന്നീട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ക്രൂരകൃത്യത്തിന് മുമ്പ് പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പുറത്താക്കി വാതിൽ അടച്ചു. നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളുകളെ കണ്ടതോടെ ഇയാളും മുറിയിൽ കയറി സ്വയം തീകൊളുത്തുകയായിരുന്നു.
ഭാര്യമാതാവ് സഹീറയാണ് ആദ്യം മരിച്ചത്. ചികിത്സയിലിരിക്കെ വൈകീട്ടോടെ മുംതാസും മരണത്തിന് കീഴടങ്ങി. മകളുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ട കാഴ്ച അതിദാരുണമായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന 65 കാരിയായ സഹീറയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ് കിടക്കുന്ന മുംതാസ് അലി അക്ബറും. ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷമാണ് അലി അക്ബര്‍ ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചതും തീ കൊളുത്തിയതും. നിലവിളിച്ച് നിന്ന മകളോട് പുറത്തോട്ട് പോവാൻ പറഞ്ഞതിനുശേഷം അലി അക്ബറും തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലി അക്ബർ ബന്ധുക്കൾക്ക് ജാമ്യം നിന്നാണ് ലക്ഷങ്ങളുടെ കടക്കെണിയിലായതെന്ന് സൂചനയുണ്ട്. വീട് വിറ്റ് കടം വീട്ടാമെന്ന അലി അക്ബറിന്റെ നിർദേശം മുംതാസും സഹീറയും സമ്മതിച്ചിരുന്നില്ല. ഇതാണ് വഴക്കിന് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam