15 ലക്ഷത്തോളം രൂപ എവിടെ? സൗമ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

By Web TeamFirst Published Aug 4, 2021, 8:15 PM IST
Highlights

സമീപത്ത് തന്നെ സ്കൂട്ടറും ബാഗും ഉണ്ടായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു സൗമ്യയ്ക്ക് ജോലി.

കോട്ടയം: മീനച്ചിലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. അരീപ്പറമ്പ് സ്വദേശിയായ സൗമ്യ എസ്.നായർ ബന്ധുക്കളിൽ നിന്നടക്കം 15 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നുവെന്നും ഈ പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കിടങ്ങൂർ കട്ടച്ചിറ പമ്പ് ഹൗസിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ സ്കൂട്ടറും ബാഗും ഉണ്ടായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു സൗമ്യയ്ക്ക് ജോലി. സാമ്പത്തിക ബാധ്യതയുണ്ടെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നുമാണ് ബാഗിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലുള്ളത്. 

എന്നാൽ സൗമ്യയുട മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ് ഭർത്താവും സുമേഷും ബന്ധുക്കളും. മരിക്കാൻ തക്കവണ്ണം സാമ്പത്തിക ബാധ്യത സൗമ്യയ്ക്കുള്ളതായി അറിയില്ലെന്നും മുൻ സഹപ്രവർത്തകരായ എബിന്റേയും മനുവിന്റേയും പങ്കിൽ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വലിയ കടബാധ്യത തീർക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സൗമ്യ ബന്ധുക്കളിൽ നിന്ന് പണം സമാഹരിച്ചത്. 4 ലക്ഷം രൂപ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കടബാധ്യത തീർത്തിട്ടില്ല.

സൗമ്യയുടെ ഭർത്താവ് സുമേഷിന് അടുത്തിടെ ഭാഗ്യക്കുറി സമ്മാനമായി 50 ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രതയും കൈവന്നിരുന്നു. എന്നിട്ടും സൗമ്യക്ക് ഇത്ര വലിയ ബാധ്യത എങ്ങനെ വന്നു എന്നതാണ് കുടുംബാംഗങ്ങളെ കുഴപ്പിക്കുന്നത്. സൗമ്യയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുബം. 

click me!