ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; മണിക്കൂറുകള്‍ക്കകം വീണ്ടും മോഷണത്തിന് പിടിയില്‍

By Web TeamFirst Published Nov 6, 2019, 11:34 PM IST
Highlights

മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണത്തിന് പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ മൊബൈല്‍ ഷോപ്പിലാണ് അമ്പായത്തോട് സ്വദേശി അഷ്റഫ് ജയിലില്‍ നിന്നിറങ്ങിയ ഉടനെ മോഷണം നടത്തിയത്

കോഴിക്കോട്: മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണത്തിന് പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ മൊബൈല്‍ ഷോപ്പിലാണ് അമ്പായത്തോട് സ്വദേശി അഷ്റഫ് ജയിലില്‍ നിന്നിറങ്ങിയ ഉടനെ മോഷണം നടത്തിയത്. 

അമ്പായത്തോട് സ്വദേശി അഷ്റഫ് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് ചൊവ്വാഴ്ചയാണ് കോഴിക്കോട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഒരു മോഷണമായാലോ എന്ന് ചിന്ത. മാവൂര്‍ റോഡിലെ മൊബൈല്‍ ഷോപ്പ് ലക്ഷ്യമിട്ടത് അങ്ങനെ. അര്‍ദ്ധരാത്രി ഷട്ടര്‍ പൊളിച്ച് അകത്ത് കയറിയ ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു.

സിസി ടിവി ക്യാമറകള്‍ മറച്ചതിന് ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. പക്ഷേ വേറെയും ക്യാമറകളുണ്ടായിരുന്നു. മോഷണ ദൃശ്യങ്ങള്‍ കൃത്യമായി തന്നെ പതിഞ്ഞു. കസബ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവിനെ കണ്ടെത്തി. അഷ്റഫിനെ പിടികൂടിയത് കോഴിക്കോട്ടെ ഒരു തീയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ.

കസബ എസ്ഐയും സംഘവും പിടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍റ അവസാന ശ്രമം നടത്തി ഇയാള്‍. പൊലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ അഷ്റഫ് തല തല്ലിതകര്‍ത്തു. ചോരയൊലിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആക്രോശവും കരച്ചിലും. മജിസ്ട്രേറ്റ് വരാതെ ചികിത്സിക്കാന്‍ അനുവദിക്കില്ലെന്നായി നിലപാട്. 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലധികമാണ് ഇയാള്‍ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇയാള്‍ അവിടേയും ആക്രോശം തുടര്‍ന്നു. 

ഒടുവില്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് അഷ്റഫെന്ന് പൊലീസ് പറഞ്ഞു. ആദ്യം മൊബൈല്‍ ഷോപ്പിലെ മോഷണം വിസമ്മതിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതിന് ശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മോഷണമുതല്‍ കുഴിച്ചിട്ടുവെന്നാണ് അഷ്റഫ് പറയുന്നത്. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

click me!