
തിരുവനന്തപുരം: രത്നവ്യാപാരിയായിരുന്ന ഹരിഹരവർമയെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളുടെ ജീവപരന്ത്യം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അഞ്ചാം പ്രതി ജോസഫിനെ വെറുതെവിട്ടു.
ആറാം പ്രതി അഡ്വ ഹരിദാസിനെ കീഴ്കോടതി വെറുതെവിട്ടത് ചോദ്യം ചെയ്തുളള അപ്പീലും ഹൈക്കോടതി തളളി. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുളള പൊലീസിന്‍റെ വാർത്താ സമ്മേളനങ്ങൾ കേസിനെ ദുർബലപ്പെടുത്തുമെന്ന് വിധിന്യായത്തിലുണ്ട്.
തലശേരി സ്വദേശികളായ ജിതേഷ്, രഖിൽ, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് കിഴീക്കോടതി വിധിച്ചതെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽമതിയെന്ന മുൻ ഉത്തരവും ഹൈക്കോടതി അംഗീകരിച്ചു.
കേസിലെ അഞ്ചാം പ്രതിയായ കൂർഗ് സ്വദേശി ജോസഫിനെയാണ് ജീവപരന്ത്യം ശിക്ഷ ഒഴിവാക്കി വെറുതെവിട്ടത്. 2012 ഡിസംബർ 24ന് തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽവെച്ചാണ് ഹരിഹരിവർമ കൊലപ്പെട്ടത്. രത്ന വ്യാപാരിയായ ഇദ്ദേഹത്തെ വജ്രം മോഷ്ടിക്കാനുളള ശ്രമിത്തിനിടെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മോഷണത്തിനിടെ ബോധം കെടുത്താൻ അളവിൽ കൂടുതൽ ക്ലോറോഫോം ഉപയോഗിച്ചതാണ് മരണകാരണമായത്.
കേസിലെ ആറാം പ്രതിയും ഹരിഹരവർമയുടെ സുഹൃത്തുമായിരുന്ന അഡ്വ ഹരികുമാറിനെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെവിട്ടിരുന്നു. എന്നാൽ ഇയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹരിഹരവർമയുടെ ബന്ധുക്കൾ നൽകിയ അപ്പീലാണ് ഹൈക്കോടതി തളളിയത്. ക്രിമിനൽ കേസുകളിലെ അന്വേഷണ വിവരങ്ങൾ വാർത്താ സമ്മേളനം നടത്തി പൊലീസ് പുറത്തുവിടുന്നത് ഒഴിവാക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
കേസിന്‍റെ കാര്യത്തിൽ അവസാന തീരുമാനം കോടതിയുടേതാണ്. ഇത്തരം നടപടികൾ കേസിനെ ദുർബലപ്പെടുത്തുകമാത്രമാണ് ചെയ്യുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam