
പാലക്കാട്: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ ക്രമിനൽ റിപ്പർ സുരേന്ദ്രൻ പിടിയിലായി. ആലത്തൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. രണ്ടര പവൻ്റെ സ്വർണമാല പൊട്ടിച്ച് ഓടുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.
രാവിലെയാണ് സംഭവം. ആലത്തൂരിൽ താമസിക്കുന്ന 60 വയസുള്ള നിർമലയുടെ വീട്ടിലാണ് സുരേന്ദ്രൻ കയറിയത്. ഇന്നലെ രാത്രി മുതൽ വീടിൻ്റെ പരിസരത്ത് സുരേന്ദ്രൻ ഒളിച്ചിരുന്നു. രാവിലെ നിർമ്മലയുടെ ഭർത്താവ് വീട്ടിൽ നിന്നു പുറത്തു പോയി . ഇതിനു ശേഷം നിർമല വീടിനു വെളിയിൽ വന്ന സമയത്ത് അവരെ തള്ളി താഴെയിട്ടു. കഴുത്തിലുണ്ടായിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ നിർമ്മലയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2007 ൽ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവൻ കവർന്ന കേസിലടക്കം ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിൻതുടരുന്നതിനാലാണ് ഇയാൾക്ക് റിപ്പർ സുരേന്ദ്രൻ എന്ന വിളിപ്പേര് വന്നത്.
ഗുരുവായൂർ സ്വർണക്കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ
ഗുരുവായൂർ സ്വർണക്കവർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി അരുൺരാജ് (30) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ച കുറ്റത്തിനാണ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി വീട്ടുകാർ പുറത്തുപോയ തക്കംനോക്കി രണ്ടരക്കിലോ സ്വർണം കവർന്നെന്നാണ് കേസ്.