'കേരളത്തില്‍ ചാവേറാകാന്‍ ആഗ്രഹമുണ്ടെന്ന് ഐഎസിനെ അറിയിച്ചു' നാട്ടുകാരറിയാത്ത റിയാസിന്‍റെ മുഖം !

By Web TeamFirst Published Apr 30, 2019, 1:17 PM IST
Highlights

നാട്ടിലെ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളിലൊന്നും റിയാസ് സജീവമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് റിയാസിന്‍റെ ഇടപെടലെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. കാസര്‍കോട് നിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും കടന്നവരുമായി റിയാസ് നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു.

പാലക്കാട്: കൊച്ചിയില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കര്‍ നാട്ടില്‍ സൗമ്യനായിരുന്നുവെന്ന് നാട്ടുകാര്‍. കടുത്ത മതവിശ്വാസിയായ റിയാസ് വളരെ സൗമ്യമായിട്ടായിരുന്നു മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. നാട്ടില്‍ ചെറിയ മൊബൈല്‍ ഷോപ്പ്, തുണിക്കട, അത്തര്‍ ഷോപ്പ് എന്നിവ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീവ്ര സലഫി ചിന്താധാരയാണ് റിയാസിനെ സ്വാധീനിച്ചിരുന്നത്. അതിന് ശേഷം വേഷത്തിലും മനോഭാവത്തിലുമടക്കം മാറ്റം വന്നു. റിയാസ് മുമ്പ് കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് സലഫി ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് പരിചയക്കാര്‍ വിശ്വസിക്കുന്നത്. 

നാട്ടിലെ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളിലൊന്നും റിയാസ് സജീവമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് റിയാസിന്‍റെ ഇടപെടലെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. കാസര്‍കോട് നിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും കടന്നവരുമായി റിയാസ് നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. മലയാളിയായ ഐഎസ് ഭീകരന്‍ അബു ഈസയുമായി റിയാസ് ബന്ധപ്പെടുകയും ഈസയുടെ ഓഡിയോ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന വളപട്ടണം ഐഎസ് കേസിലെ പ്രതിയായ അബ്ദുല്‍ ഖുയൂമുമായും റിയാസ് ബന്ധം പുലര്‍ത്തിയിരുന്നു. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്‍റെ പ്രസംഗങ്ങളുടെ ആരാധകനായിരുന്നു റിയാസെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.

കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താനുള്ള ആഗ്രഹം റിയാസാണ് ഐഎസ് ഭീകരരുമായി പങ്കുവെച്ചത്. എന്‍ഐഎ അറസ്റ്റില്‍ റിയാസിന്‍റെ കുടുംബവും നാട്ടുകാരും സ്തബ്ധരായിരിക്കുകയാണ്. സ്വന്തം സഹോദരനെപ്പോലെ കരുതിയ ആള്‍ കേരളത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന വിവരം അവരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ ശേഷമാണ് റിയാസിന്‍റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ ശ്രദ്ധിക്കുന്നത്. അവസാനമായി ഷെയര്‍ ചെയ്ത കുറിപ്പൊഴിച്ച് മറ്റെല്ലാം സാധാരണ കടുത്ത വിശ്വാസികളുടെ നിലപാടുകളായിരുന്നു.  

അവസാന പോസ്റ്റില്‍ ദീനി ബോധമുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ട് നിന്ന് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസ് പിടിയിലാകുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ പൊലീസും എന്‍ഐഎയും റിയാസിനെ ചില സംശയങ്ങള്‍ ദുരീകരിക്കാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

click me!