
അഹമ്മദാബാദ്: മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ മാസം 25,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെ അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘം സൂററ്റിൽ താമസിക്കുന്ന അവിനാഷ് മഹാതോ (19), ശ്യാം കുർമി (26) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 58 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. 29 ഐഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു.
കണ്ടെടുത്ത ഫോണുകളുടെ ആകെ മൂല്യം 20.60 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അവിനാഷും ശ്യാമും ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണ്. അവിനാഷിൻ്റെ ജ്യേഷ്ഠൻ പിൻ്റു മഹാതോയും രാഹുൽ മഹാതോയും ഗുജറാത്തിൽ മൊബൈൽ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. മോഷ്ടിച്ച ഫോണുകൾ അൺലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും അയക്കുകയാണ് രീതി. രാഹുലും പിൻ്റുവുമാണ് അവിനാഷിയും ശ്യാമിനെയും മോഷണ രംഗത്തേക്ക് കൊണ്ടുവന്നത്. പ്രതിമാസം 25,000 രൂപ സ്ഥിര ശമ്പളം നൽകാമെന്നും ഇവർ വാഗ്ദാനം നൽകി. തിരക്കേറിയ സ്ഥലങ്ങളിൽ പോയി ഫോൺ മോഷ്ടിക്കുന്നതിന് 45 ദിവസം പരിശീലനവും ഇവർ നൽകിയതായി പൊലീസ് പറഞ്ഞു.
രണ്ടുപേരടങ്ങുന്ന സംഘങ്ങളായി ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ഒരാൾ ബാഗുമായി ദൂരെ നിൽക്കും. ഒരു ടീം അംഗം ഒരു ഫോൺ എടുത്ത് രണ്ടാമത്തെയാൾക്ക് കൈമാറും. രണ്ടാമൻ ബാഗുമായി ആൾക്കൂട്ടത്തിലേക്ക് പോകും. ആരെങ്കിലും പിടിക്കപ്പെട്ടാൽ മറ്റുള്ളവർ ഓടി രക്ഷപ്പെടും. അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര, ആനന്ദ്, രാജ്‌കോട്ട് എന്നിവിടങ്ങളിൽ ഇത്തരം മോഷണങ്ങൾ നടത്തിയതായി ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സൂറത്ത് റെയിൽവേ സ്‌റ്റേഷനു സമീപം താമസിക്കാൻ വീട് നൽകിയതായി ഇരുവരും പറഞ്ഞു. മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് 19 പരാതികളാണ് ഈ മേഖലകളിൽ രജിസ്റ്റർ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam