സാന്‍ഡ്‍‍വിച്ചില്‍ സഹപ്രവര്‍ത്തകന്‍റെ വിഷ പരീക്ഷണം; നാലുവര്‍ഷത്തോളം കോമയില്‍, ഒടുവില്‍ മരണം

By Web TeamFirst Published Jan 12, 2020, 10:47 PM IST
Highlights

യുവാവിന്‍റെ മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ 2018ല്‍ തങ്ങള്‍ക്ക് ലഭിച്ച സാന്‍ഡ്‍വിച്ചില്‍ വെള്ള നിറമുള്ള പൊടി ശ്രദ്ധിക്കുകയും പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത പദാര്‍ത്ഥം ഭക്ഷണത്തില്‍ എങ്ങനെ എത്തിയെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 

ജര്‍മനി: സഹപ്രവര്‍ത്തകന്‍ സാന്‍ഡ്‍വിച്ചില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം കോമയില്‍ കിടന്ന യുവാവ് മരിച്ചു. സാന്‍ഡ്‍വിച്ചില്‍ വിതറിയ ലെഡ് അസെറ്റേറ്റും മെര്‍ക്കുറിയും ഇരുപത്തിയാറുകാരന്‍റെ തലച്ചോറിന് ഗുരുതര തകരാറുകള്‍ സംഭവിക്കാന്‍ കാരണമായിരുന്നു. ജര്‍മനിയിലെ ഒരു ഇരുമ്പ് വ്യവസായ കമ്പനിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. 

തലച്ചോറിന് ഗുരുതര തകരാറ് സംഭവിച്ച് വര്‍ഷങ്ങളോളം കിടന്ന ശേഷമാണ് യുവാവിന് വിഷം നല്‍കിയ വ്യക്തിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. യുവാവിന്‍റെ മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ 2018ല്‍ തങ്ങള്‍ക്ക് ലഭിച്ച സാന്‍ഡ്‍വിച്ചില്‍ വെള്ള നിറമുള്ള പൊടി ശ്രദ്ധിക്കുകയും പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത പദാര്‍ത്ഥം ഭക്ഷണത്തില്‍ എങ്ങനെ എത്തിയെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 

സഹപ്രവര്‍ത്തകരില്‍ കെമിക്കലുകളുടെ പരീക്ഷണം നടത്തിയ സഹപ്രവര്‍ത്തകനായ ക്ലോസോ നിരീക്ഷണ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. രുചിയില്ലാത്ത കെമിക്കലുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് കാലങ്ങളായി ഭക്ഷണരൂപത്തില്‍ നല്‍കിയ ആളെയാണ് കമ്പനി വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലെഡ്, ലെഡ് അസറ്റേറ്റ്, കാഡ്മിയം, മെര്‍ക്കുറി എന്നിവയുടെ ശേഖരം ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. തലച്ചോര്‍ അടക്കം അവയവങ്ങള്‍ക്ക് ഗുരുതര തകരാറിന് കാരണമാവുന്നതായിരുന്നു ഈ പദാര്‍ത്ഥങ്ങള്‍. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് പല രൂപത്തിലായി കാഡ്മിയം അടക്കം ഇയാള്‍ നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞ്. നിരവധിപ്പേര്‍ക്ക് പലരീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടായെങ്കിലും ക്ലോസോയെ ആരും സംശയിക്കുകയോ വിഷം നല്‍കിയതാണെന്ന് സംശയിക്കുകയോ ചെയ്തിരുന്നില്ല.

മെര്‍ക്കുറി, ലെഡ് അസെറ്റേറ്റ് തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരില്‍ പരീക്ഷിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് ക്ലോസോ പൊലീസിന് നല്‍കിയ മൊഴി. സമൂഹത്തിന് തന്നെ ആപല്‍ക്കാരിയാണെന്ന് വിലയിരുത്തിയ കോടതി ഇയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരുന്നു.  2019 മാര്‍ച്ചിലായിരുന്നു കേസില്‍ വിചാരണ പൂര്‍ത്തിയായത്. ഇരുപത്തിയാറുകാരന്‍ മരിച്ചതോടെ കേസില്‍ വീണ്ടും വിചാരണ നടത്തി ക്ലോസോയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. 

click me!