SDPI Leader Murder : ഷാൻ വധം: രണ്ട് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്, കാർ ഉപേക്ഷിച്ച നിലയിൽ

By Web TeamFirst Published Dec 20, 2021, 5:35 PM IST
Highlights

ആലപ്പുഴയിലെ പ്രധാനപ്പെട്ട എസ്‍ഡിപിഐ നേതാവായ ഷാനിന്‍റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇനി എട്ട് പേരാണ് കേസിൽ പിടിയിലാകാനുള്ളത്. കൊലയാളി സംഘത്തിന്‍റെ കാറും കണ്ടെത്തിയിട്ടുണ്ട്. 

ആലപ്പുഴ: ശനിയാഴ്ച അർദ്ധരാത്രിയോടെ ആലപ്പുഴയിൽ (Alappuzha) കൊല്ലപ്പെട്ട എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ (SDPI Leader Shan Murder) കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. പിടിയിലായ രണ്ട് പേരും ആർഎസ്എസ് (RSS) പ്രവർത്തകരാണ്. രതീഷ്, രാജേന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എട്ട് പേരാണ് കേസിൽ പിടിയിലാകാനുള്ളത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അറസ്റ്റിലായ രണ്ട് പേരുടെയും ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇരുവരും മറ്റ് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. 

ഇപ്പോൾ പിടിയിലായ രണ്ട് പേരും കൊലപാതകത്തിൽ പങ്കെടുത്ത ആളുകളല്ല. വാഹനം സംഘടിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായിച്ച ആളുകളാണ് രണ്ട് പേരും. ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. 

കൊലക്കേസിലെ മുഖ്യ ആസൂത്രകരാണ് പിടിയിലായ രണ്ട് പേരും. മറ്റൊരു ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകൻ. കൊലയ്ക്കുള്ള പ്ലാൻ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും റെന്‍റ് എ കാർ വഴി വണ്ട് സംഘടിപ്പിച്ചതും പ്രസാദാണ്. ഇയാളെ സഹായിച്ച രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഗൂഢാലോചനയിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. 

ഷാനിനെ വധിച്ച ശേഷം ആലപ്പുഴയിൽ പിറ്റേന്ന് രാവിലെ കൊല്ലപ്പെട്ട ബിജെപി ഒബിസി മോർച്ച സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വധിച്ച സംഘത്തിലുള്ളവരെയും തിരിച്ചറിഞ്ഞതായും അന്വേഷണം ഊർജിതമാണെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. 12 അംഗസംഘമാണ് രഞ്ജിത് ശ്രീനിവാസന്‍റെ വധത്തിന് പിന്നിലുള്ളതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നടക്കം വ്യക്തമാകുന്നത്. ഇവരെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിച്ചതായും എഡിജിപി വ്യക്തമാക്കി.

അതേസമയം, ഷാനിനെ വാഹനമിടിച്ചിട്ട ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.

സർവകക്ഷി യോഗം നാളെ

ആലപ്പുഴയിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനായി ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ നടക്കും. നേരത്തെ വിട്ടുനിന്ന ബിജെപിയും നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. 

click me!