
തന്‍റെ 32 വയസിനിടെ ചെയ്തു കൂട്ടിയത് ഒന്നും രണ്ടുമല്ല, 12 കൊലപാതകങ്ങള്‍. ഇന്ത്യയെ ആകെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ പുറത്ത് വരുമ്പോള്‍ പൊലീസിന് പോലും അവിശ്വസനീയതയാണ്. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്പേട്ടിലുള്ള സ്കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ മുഹമ്മദ് യൂസഫാണ് താന്‍ നടത്തിയ 12 കൊലപാതകങ്ങള്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്.
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകങ്ങളുടെ കഥ പൊലീസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചിത്രകാരനെന്ന് പരിചയപ്പെടുത്തിയാണ് മുഹമ്മദ് യുസഫ് ആളുകളെ തന്‍റെ വലയിലാക്കുന്നത്. ഇതിന് ശേഷം പല കാര്യങ്ങള്‍ പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ എത്തിക്കും.
നിധിയുടെ ശേഖരം കാണിച്ച് തരാം, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിച്ച് തരാം എന്നൊക്കെയുള്ള വാഗ്ദാനം നല്‍കി എത്തിക്കുന്ന ഇരയുടെ കണ്ണില്‍ യൂസഫ് ആദ്യം മുളക്പൊടി വിതറും. തുടര്‍ന്ന് കല്ല് കൊണ്ട് തലയിലടിച്ചാണ് കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ശേഷം ഇവരുടെ കെെയിലെ പണവും ആഭരണങ്ങളും മൊബെെലും കവര്‍ച്ച ചെയ്ത് കടന്നു കളയും. രണ്ട് ഭാര്യമുണ്ടായിരുന്ന യൂസഫ് ലഹരിക്ക് അടിമപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പുളി വില്‍പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കൂടിയതോടെ പ്രതിയുടെ സ്വാഭാവത്തിലും മാറ്റങ്ങള്‍ വന്നു. ലഹരിക്ക് അടിമപ്പെട്ട് ഇയാള്‍ ലെെംഗിക തൊഴിലാളികളെയും സമീപിച്ചിരുന്നു.
യൂസഫ് കൊലപ്പെടുത്തിയ മൂന്ന് പേരുടെ ഭാര്യമാരുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. നവാബ്പേട്ട് സ്കൂളിലെ തൂപ്പുകാരനായിരുന്ന കെ. ബാലരാജിനെ (52) കൊലപ്പെടുത്തിയ കേസിലാണ് യൂസഫ് ഇപ്പോള്‍ പിടിയിലായത്. ആടുകളെ വളരെ തുച്ഛമായ തുകയ്ക്ക് വാങ്ങി തരുന്ന ആളെ പരിയപ്പെടുത്താം എന്ന് പറഞ്ഞ് ബാലരാജിനെ യൂസഫ് വനത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
തന്‍റെ സ്ഥിരം മാര്‍ഗത്തിലൂടെ നടത്തിയ കൊലയ്ക്ക് ശേഷം ബാലരാജിന്‍റെ പക്കലുണ്ടായിരുന്ന 14,000 രൂപയും ഫോണും തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണിന്‍റെ ഐഎംഇ നമ്പര്‍ ഉപയോഗിച്ചാണ് പൊലീസ് കൊലപാതകയിലെ കണ്ടെത്തിയത്. 2017ലും ഒരു കൊലക്കേസില്‍ യൂസഫ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി. എന്നാല്‍ അന്ന് താന്‍ നടത്തിയ മറ്റ് കൊലപാതകങ്ങളെ കുറിച്ച് ഇയാള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam