
കാസർകോട്: കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയിൽ. 29 കാരിയായ കോഴിക്കോട് സ്വദേശി റുബീനയുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്. ഇതിന് റുബീനക്ക് കൂട്ടുനിന്നതാകട്ടെ ഭർത്താവും സുഹൃത്തുക്കളും. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്കൻ പൊലീസിനെ സമീപിച്ചത്.
ഒടുവിൽ പൊലീസൊരുക്കിയ കെണിയിൽ പ്രതികൾ വീഴുകയായിരുന്നു. കാസർകോട് മാങ്ങാട് സ്വദേശിയായ 59കാരനാണ് മുബീനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയത്. ദമ്പതികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസൽ, ഭാര്യ 29കാരി റുബീന, കാസർകോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാങ്ങാട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവന്ന മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ സൂത്രധാരൻ മാങ്ങാട് സ്വദേശി തന്നെയായ ദിൽഷാദാണെന്ന് പൊലീസ് പറഞ്ഞു. ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളർന്നു. അതിനിടെ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനൽകാമെന്ന് പരാതിക്കാരനും സമ്മതിച്ചു.
ഇത് നൽകാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടൽ മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവർ പരാതിക്കാരന്‍റെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചു. തുടർന്ന് യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. പേടിച്ച മധ്യ വയസ്കൻ 10,000 രൂപ അന്നുതന്നെ നൽകി.
പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും കൈമാറി. എന്നാൽ ഹണി ട്രാപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേടെയാണ് മധ്യവയസ്കൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നിർദ്ദേശം അനുസരിച്ച് പണം നൽകാനെന്ന വ്യാജേന സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. ഈ സംഘം മറ്റ് ആളുകളേയും ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More : സുധീഷിന്‍റെ വാക്ക് വിശ്വസിച്ചു, നടന്നത് ചതി; പാതിരാത്രി 17 കാരിയുടെ വീട്ടിൽ നിന്ന് പൊക്കി, 52 വർഷം ജയിലിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam