പിഎസ്‍സി പരീക്ഷാത്തട്ടിപ്പ്: ക്രമക്കേട് 'തലയാട്ടി' സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാക്കള്‍

By Web TeamFirst Published Aug 19, 2019, 9:02 PM IST
Highlights

ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സഹകരിച്ചില്ല. ഒടുവിൽ ഫോൺ രേഖകളുൾപ്പടെയുള്ള തെളിവുകൾ നിരത്തിയപ്പോൾ തല കുലുക്കി സമ്മതിച്ച് പ്രതികൾ. 

തിരുവനന്തപുരം: പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറിൽ ഉത്തരം ചോർന്നു കിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഒടുവിൽ തെളിവുകൾ ഒരോന്നോരോന്നായി നിരത്തിയപ്പോൾ, ഗതികെട്ട് ഇരുവരും തല കുലുക്കി സമ്മതിക്കുകയായിരുന്നു.

എന്നാൽ ഒന്നും സംസാരിക്കാൻ ഇരുവരും തയ്യാറായില്ല. സംഭവത്തെക്കുറിച്ച് കൃത്യമായ, വ്യക്തമായ മൊഴി നൽകിയില്ല. പ്രതികൾക്ക് നേരത്തേ നിയമസഹായവും, വിദഗ്‍ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ചോദ്യപ്പേപ്പർ പുറത്തുപോയതെങ്ങനെ, എങ്ങനെ ഉത്തരം കിട്ടി എന്നതിനൊക്കെയുള്ള മറുപടികളിൽ വൈരുദ്ധ്യവുമുണ്ട്. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് സൂചന. എന്നാൽ ആരാണ് ചോർത്തി നൽകിയത്, ആരാണ് എസ്എംഎസ്സ് അയച്ച് തന്നതെന്നും കൃത്യമായ മറുപടികൾ പ്രതികൾ നൽകിയിട്ടില്ല. 

പിഎസ്‍സി നടത്തിയ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഉള്ളത്. ഇവിടെയെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യൽ. 

ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകണം. പക്ഷെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. 

ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്തുക എന്നത് ഏറെ നിർണായകമാണ്. ഈ ഫോണുകളിൽ നിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല. 

പരീക്ഷാ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്‍സി വിജിലൻസാണ്. രഹസ്യമായി വിവരം പൊലീസിന് കൈമാറി കേസെടുത്ത് പ്രതികളെ കൈയ്യോടെ പിടികൂടുന്നതിന് പകരം വിവരം പുറത്തായതും പ്രതികള്‍ക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പരീക്ഷാ ഹാളിനുള്ളിലും പ്രതികള്‍ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്. 

click me!