പട്ടികജാതി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഊരുവിലക്കും അയിത്തവും; സാധനങ്ങൾ വിൽക്കാൻ വിസമ്മതിച്ച കടയുടമ അറസ്റ്റിൽ

By Web TeamFirst Published Dec 2, 2022, 12:41 AM IST
Highlights

നവംബർ 28നാണ് ജാതി പഞ്ചായത്ത് വിളിച്ച് ചേർത്ത് പട്ടികജാതി വിഭാഗക്കാരെ ഊരുവിലക്കാൻ ജാതിമേലാളന്മാർ തീരുമാനിച്ചത്. പലചരക്ക്, പച്ചക്കറി കടകളിലും ചായക്കടകളിലും, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇവർക്ക് യാതൊന്നും നൽകരുതെന്നാണ് ജാതിവാദികൾ ഉത്തരവിട്ടത്. 

ജാതിയിൽ താഴ്ന്നവരെന്ന് ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിന് സാധനങ്ങൾ വിൽക്കാൻ വിസമ്മതിച്ച കടയുടമ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവം. ജാതി പഞ്ചായത്തിന്‍റെ നിർദേശപ്രകാരം അയിത്തം ആചരിക്കാൻ കൂട്ടായ തീരുമാനമുണ്ടെന്ന് കടയുടമ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടയുടമ വീരമുത്തു അറസ്റ്റിലായത്. ഇയാളുടെ കട പൊലീസ് അടപ്പിച്ചു.

തമിഴ്നാട് തഞ്ചാവൂർ പാപ്പക്കാടിന് അടുത്തുള്ള കേളമംഗലം ഗ്രാമത്തിൽ നിന്നുള്ളതാണ് വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾ. പലചരക്ക് കടയിലെത്തി സാധനങ്ങൾ ആവശ്യപ്പെടുന്ന യുവാവിനോട് കടക്കാരൻ പറയുന്നു. നിങ്ങൾക്ക് ഒന്നും നൽകരുതെന്ന് പഞ്ചായത്ത് തീരുമാനമുണ്ട്. നിശ്ശബ്ദനായി ചെറുപ്പക്കാരൻ പിന്തിരിഞ്ഞ് നടന്ന് ബൈക്കിൽ കയറി പോകുന്നതും വീഡിയോയിൽ കാണാം. നവംബർ 28നാണ് ജാതി പഞ്ചായത്ത് വിളിച്ച് ചേർത്ത് പട്ടികജാതി വിഭാഗക്കാരെ ഊരുവിലക്കാൻ ജാതിമേലാളന്മാർ തീരുമാനിച്ചത്. പലചരക്ക്, പച്ചക്കറി കടകളിലും ചായക്കടകളിലും, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇവർക്ക് യാതൊന്നും നൽകരുതെന്നാണ് ജാതിവാദികൾ ഉത്തരവിട്ടത്. 

ബാ‍ർബർ ഷോപ്പിൽ പോലും ജാതിയിൽ കുറഞ്ഞവരെന്ന് ഇവർ ആക്ഷേപിക്കുന്ന വിഭാഗക്കാരെ കയറ്റരുതെന്നായിരുന്നു ഉത്തരവ് വിശദമാക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. വിസികെ നേതാവും എംപിയുമായ രവികുമാർ പട്ടികജാതി പട്ടികവർഗ കമ്മീഷന് പരാതി അയച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വീഡിയോയിലെ സംഭവം യഥാർത്ഥ്യമാണെന്ന് തെളിഞ്ഞു. തുടർന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു. കടയുടമ വീരമുത്തുവിനെ പട്ടികജാതി പീഡന നിരോധന നിയമത്തിലേതുൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

ചായക്കടകളിലും ഹോട്ടലുകളിലും ഭക്ഷണം വിളമ്പുന്നതിന് രണ്ടുതരം പാത്രങ്ങളുൾപ്പെടെ ഉൾപ്പെടെയുള്ള വിവേചനം പ്രദേശത്തെ കടകളിലുണ്ടെന്നും കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തി. വിസികെ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ക്രമസമാധാനം ഉറപ്പുവരുത്താൻ വൻ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്ന്യസിച്ചിട്ടുള്ളത്. വിവേചനം കാട്ടിയതായി വെളിവായ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

click me!