'ഞാൻ പോകുന്നു'; ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് ആറ് മാസം മുമ്പ് ഇട്ട പോസ്റ്റോ?, പൊലീസ് വെളിപ്പെടുത്തലിൽ ആരോപണം

By Web TeamFirst Published Jun 9, 2023, 4:35 AM IST
Highlights

ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് ആറ് മാസം മുമ്പ് ഇട്ട പോസ്റ്റോ?, പൊലീസ് വെളിപ്പെടുത്തലിൽ ആരോപണം

കോട്ടയം: കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജില്‍ ജീവനൊടുക്കിയ ശ്രദ്ധയുടെ മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയരുന്നു. എന്നാൽ ആറു മാസം മുന്പ് ശ്രദ്ധ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്..

ശ്രദ്ധ സതീഷിന്‍റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങളെ പറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശ്രദ്ധ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമാക്കുന്നത്. ഞാന്‍ പോകുന്നു എന്നു മാത്രമാണ് കത്തില്‍ എഴുതിയിരുന്നതെന്നും ആത്മഹത്യയുടെ കാരണത്തിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കോട്ടയം എസ്പി കെ കാര്‍ത്തിക് വെളിപ്പെടുത്തുകയായിരുന്നു. 

എന്നാല്‍ സമൂഹ മാധ്യമമായ സ്നാപ് ചാറ്റിൽ ആറു മാസം മുമ്പ് ശ്രദ്ധ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ പൊലീസ് ആത്മഹത്യ കുറിപ്പെന്ന് പറയുന്നത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. ആരോപണ വിധേയരായ അധ്യാപകരെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല എന്നും കുടുംബം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കത്തിനെ പറ്റിയുളള വിവരങ്ങള്‍ പുറത്തു വന്നതിനെ സംശയത്തോടെയാണ് ശ്രദ്ധയുടെ സഹപാഠികളും കാണുന്നത്.

അമല്‍ജ്യോതിയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചതു പോലെയുളള സാഹചര്യം മറ്റ് സ്വാശ്രയ കോളജുകളിലും നിലനില്‍ക്കുന്നു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി എല്ലാ സ്വാശ്രയ കോളജുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ തീരുമാനം.അധിക ഫീസ് ഈടാക്കുന്നതു മുതല്‍ അധ്യാപകരുടെ മാനസിക പീഡനങ്ങള്‍ വരെ സെല്ലിന്‍റെ പരിധിയില്‍ വരുമെന്നും എല്ലാ ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശ സംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!