സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

By Web TeamFirst Published Apr 23, 2024, 7:48 PM IST
Highlights

സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി. മോഷണ ശ്രമത്തിനിടെയായിരുന്നു അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിൻ്റെ വിചാരണ വേളയിലാണ് സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്.

കോട്ടയം: കോട്ടയം പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

മൈലാടി എസ് എച്ച് കോൺവെൻ്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റർ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതി കാസർകോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്. റീ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റർ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 

പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റർ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിൻ്റെ വിചാരണ വേളയിലാണ് സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

click me!