കാല് തല്ലിയൊടിച്ചു; ശ്വാസകോശം തകർന്നു; നൈജീരിയൻ സ്വദേശിയെ ആറംഗസംഘം കൊന്നത് ക്രൂരമായി

By Sreenath ChandranFirst Published May 9, 2022, 3:17 AM IST
Highlights

കാറിൽ നായ്‍ഗാവിൽ എത്തിച്ച ശേഷം പ്രതികളിലൊരാളുടെ ഫ്ലാറ്റിലേക്ക് കയറ്റി. പിന്നീട് വിവസ്ത്രനാക്കി ഇരുമ്പ് ദണ്ഡുകൊണ്ട് ക്രൂരമായി തല്ലി. കാൽ ഒടിഞ്ഞ് തൂങ്ങി. ശ്വാസകോശം വരെ തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

മുംബൈ: മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ ചൊവ്വാഴ്ചയാണ് അതിക്രൂര കൊലപാതകം നടന്നത്.മുംബൈയിൽ തുണിക്കച്ചവടം നടത്തിവന്ന നൈജീരിയക്കാരൻ മൈക്കൾ കിച്ചസേബയെ നല്ലസോപാരയിൽ നിന്ന് ആറംഗ സംഘം ആദ്യം തട്ടിക്കൊണ്ട് പോയി. അക്രമികൾ ആറ് പേരും നൈജീരിയക്കാർ തന്നെയാണ്. 

കാറിൽ നായ്‍ഗാവിൽ എത്തിച്ച ശേഷം പ്രതികളിലൊരാളുടെ ഫ്ലാറ്റിലേക്ക് കയറ്റി. പിന്നീട് വിവസ്ത്രനാക്കി ഇരുമ്പ് ദണ്ഡുകൊണ്ട് ക്രൂരമായി തല്ലി. കാൽ ഒടിഞ്ഞ് തൂങ്ങി. ശ്വാസകോശം വരെ തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൈക്കിൾ മരിച്ചെന്ന് മനസിലായ പ്രതികൾ മൃതദേഹം ശുചിമുറിയിൽ ഉപേക്ഷിച്ച് നാട്‍വിടാൻ തീരുമാനിച്ചു. നേരെ പോയത് ബാംഗ്ലൂരിലേക്ക്. അവിടെ നിന്ന് വിമാനമാർഗം ഗുവാഹത്തിയിലേക്ക്. 

മൈക്കിളിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസിന് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അതിവേഗം കിട്ടി. പിറ്റേന്ന് തന്നെ മൃതദേഹം കണ്ടെടുത്തു. ഫ്ലാറ്റ് പൂട്ടിയിട്ടിരുന്നതിനാൽ വാതിൽ തകർത്താണ് പൊലീസ് അകത്ത് കടന്നത്. മൈക്കിളിനെ തട്ടിക്കൊണ്ട് പോവുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം മുന്നോട്ട്. 

എന്നാൽ പ്രതികൾ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത് വച്ചതിനാൽ ടവർ ലൊക്കേഷൻ വച്ചുള്ള നീക്കങ്ങൾ വഴിമുട്ടി.  പക്ഷെ പ്രതികളിലൊരാളായ കെവിൻ എന്നയാളുടെ ഫോൺ ഇടയ്ക്ക് വച്ച് ഓണായി. ആ ഫോണിൽ നിന്നുള്ള വിളികളെല്ലാം നിരീക്ഷിച്ചാണ് പ്രതികൾ ഗുവാഹത്തിയിലെത്തിയ കാര്യം പൊലീസ് തിരിച്ചറിഞ്ഞത്.  

മഹാരാഷ്ട്രാ പൊലീസ് ഉദ്യോഗസ്ഥർ ഗുവാഹത്തിയിലെത്തി. ഷില്ലോങ് വഴി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി.പൊലീസെത്താൻ അൽപം കൂടി വൈകിയിരുന്നെങ്കിൽ പ്രതികൾ രാജ്യം വിട്ടേനെ. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണമെന്ന് പ്രതികൾ പറയുന്നു. 50 ലക്ഷം രൂപ മൈക്കിളിന് നൽകിയിരുന്നത്രേ. പണം മടക്കി നൽകാൻ വൈകിയെന്നും ഫോൺ വിളിച്ചിട്ട് എടുത്തില്ലെന്നും ഇതാണ് വൈരാഗ്യമെന്നും പ്രതികൾ മൊഴി നൽകി. ഇവരുടെ വീസ അടക്കമുള്ളകാര്യങ്ങളിൽ നൈജീരിയൻ എംബസിയുമായി ബന്ധപ്പെട്ട് പൊലീസ് വിവര ശേഖരണം നടത്തുന്നുണ്ട്.

click me!