
ദില്ലി: യാചകരുടെ വേഷത്തില്‍ എത്തി, രാത്രി മോഷണത്തിനിറങ്ങുന്ന ഒരു കുടുംബത്തിലെ ആറ് സ്ത്രീകളിൽ രണ്ടുപേർ അറസ്റ്റില്‍. കടകളിലാണ് ഇവര്‍ പ്രധാനമായി മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഇവര്‍ രാജസ്ഥാനിലേക്ക് മുങ്ങും. പണം തീരുമ്പോള്‍ വീണ്ടും നഗരത്തിലെത്തി മോഷ്ടിക്കും. വടക്കൻ ദില്ലിയിലെ അഹത കിദാരയിൽ നിന്നാണ് രണ്ടുപേരെ പിടികൂടിയത്. മോഷണ സ്ഥലത്തേക്ക് ഇവരെ കൊണ്ടുപോയിരുന്ന ഇ-റിക്ഷാ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അയാൾ സ്ത്രീകളിൽ ഒരാളുടെ മകനാണെന്നും പൊലീസ് പറഞ്ഞു. ഇ-റിക്ഷാ ഡ്രൈവറായ ജോരാവർ, ഇന്ദ്ര (62), താര (65) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു.
രാജസ്ഥാൻ സ്വദേശികളായ ഇവർ ദ്വാരകയിലെ ഉത്തംനഗർ , കക്രോള പ്രദേശങ്ങളിൽ താമസിച്ചിരുന്നു. ഫെബ്രുവരി 8 ന് മോഷണ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. പരാതിക്കാരനായ ഭൂപേന്ദർ സിങ്ങിന് തന്റെ ജീവനക്കാരനായ സഞ്ജയ് ഫോൺ ചെയ്ത് കടയിൽ മോഷണം നടന്നതായി അറിയിച്ചു. കടയിൽ എത്തിയപ്പോൾ ഷട്ടർ തകര്‍ത്ത് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (നോർത്ത്) സുധാൻഷു വർമ്മ, സബ് ഇൻസ്പെക്ടർ ആകാശ് ദീപ് എന്നിവരുടെ അന്വേഷണ സംഘം രൂപീകരിച്ചു. പ്രദേശത്തെ 150-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷം, പ്രതികളുടെ നീക്കങ്ങൾ സംഘം കണ്ടെത്തി.
ഇ-റിക്ഷയിൽ ആറ് സ്ത്രീകൾ സംഭവസ്ഥലത്ത് നിന്ന് പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇ-റിക്ഷ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പര്‍ ലഭിച്ചതോടെ അന്വേഷണം എളുപ്പമായി. തിരച്ചിലിൽ ഇ-റിക്ഷ കണ്ടെടുത്തു. മോഷണം നടന്ന ദിവസം രാവിലെ 3.30 ന് ജോറാവർ ഇ-റിക്ഷ എടുത്തതായും 7.30 ന് ചാർജിംഗിനായി തിരികെ നൽകിയതായും ചാർജിംഗ് സ്റ്റേഷൻ ഉടമ സ്ഥിരീകരിച്ചു.
സ്ത്രീകളുമായി രാത്രി മോഷണ കേസിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. കവർച്ച നടത്തിയ ശേഷം മോഷ്ടിച്ച പണം പരസ്പരം വീതിച്ചതായും പ്രതികളായ ചില സ്ത്രീകൾ രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് പലായനം ചെയ്തതായും ഇയാൾ വെളിപ്പെടുത്തി.
റെയ്ഡുകളിൽ രണ്ട് സ്ത്രീകളെ പിടികൂടി. ഒളിവിൽ കഴിയുന്ന നാല് സ്ത്രീകളെ പിടികൂടാൻ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.