
തിരുപ്പതി: പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. എൻജിനീയറായ പത്മയാണ് കൊല്ലപ്പെട്ടത്. തിരുപ്പതി വെങ്കട്ടപ്പുരം സ്വദേശി വേണുഗോപാൽ (30) ആണ് പിടിയിലായത്. ഇയാളുമായി അകന്നു കഴിയുകയായിരുന്നു ഭാര്യ. എന്നാൽ, അനുനയത്തിൽ കൂട്ടി കൊണ്ടുവന്നു അടിച്ചു കൊന്ന് മൃതദേഹം ഉപേക്ഷിച്ച ശേഷം ഇയാൾ ഹൈദരാബാദിലേക്കു രക്ഷപ്പെട്ടു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വയർ എൻജിനീയറാണ് വേണുഗോപാൽ. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ എന്നും വഴക്കായതോടെ പത്മ സ്വന്തം വീട്ടിലേക്ക് മടങ്ങി.. തുടർന്ന് പത്മ വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിനു കേസ് ഫയൽ ചെയ്തു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങിയെങ്കിലും വീണ്ടും പ്രശ്നമായതോടെ പത്മ വീട്ടിലേക്ക് മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാൽ മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാൻ കൂടെ വരണം എന്നും ആവശ്യപ്പെട്ടു.
സ്വന്തം വീട്ടിലെത്തിയ വേണുഗോപാൽ പത്മയെ ക്രൂരമായി മർദ്ദിച്ചു. അടിയേറ്റ പത്മ കൊല്ലപ്പെട്ടു. മരണം ഉറപ്പായതോടെ ബാഗിൽ കുത്തി നിറച്ച മൃതദേഹം കാറിൽ കൊണ്ടുപോയി സമീപത്തെ തടാകത്തിൽ തള്ളി. ഹൈദരാബാദിൽ ജോലി കിട്ടിയെന്നും പത്മയെ അങ്ങോട്ടു പോകുകയാണെന്നും പറഞ്ഞ് ഇയാൾ മാതാപിതാക്കൾക്ക് സന്ദേശമയച്ചു. മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാൾ നൽകിയ വിവരം അനുസരിച്ചു വെങ്കട്ടാപുരം താടാകത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam