സോളാർ പീഡന കേസ്; സിബിഐ പ്രാഥമിക വിവരശേഖരണം തുടങ്ങി

By Web TeamFirst Published Mar 24, 2021, 10:13 AM IST
Highlights

പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ദില്ലി: സോളാർ ലൈംഗിക പീഡനക്കേസിൽ സിബിഐ പ്രാഥമിക പരിശോധന തുടങ്ങി. ദില്ലിയിലെ ആസ്ഥാനത്തെത്തി പരാതിക്കാരി സിബിഐ ഡയറക്ടറെ കണ്ടു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ അഭ്യാസമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഎൈസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻ മന്ത്രി എ പി അനിൽ കുമാർ എം പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ ലൈംഗിക പീഡന പരാതിയാണ് സിബിഐക്ക് മുൻപിലുള്ളത്. സംസ്ഥാന സർക്കാർ കൈമാറിയ കേസ് പഴ്സണൽ മന്ത്രാലയത്തിൽ നിന്ന് സിബിഐക്ക്  മുന്നിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം പരാതിക്കാരിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സിബിഐ ഡയറക്ടറെ കണ്ട് പറയാനുള്ളത് വ്യക്തമാക്കിയതായി പരാതിക്കാരി പറഞ്ഞു.

അതേസമയം, ജനം തള്ളിയ ആരോപണമാണെന്നും കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ അന്തര്‍ ധാരയുടെ തുടര്‍ച്ച മാത്രമാണിതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വീണ്ടും സോളാര്‍ കേസ് സജീവമാകുകയാണ്. സിബിഐയുടെ തുടര്‍നീക്കങ്ങളുണ്ടായാല്‍ വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാകും. 

click me!