
ദില്ലി: മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ദില്ലിയിൽ എ എസ് ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ എ എസ് ഐ ശംഭു ദയാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മോഷണകേസിൽ പിടിയിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ടാണ് പ്രതി അനീഷ് എ എസ് ഐയെ കുത്തിയത്. എ എസ് ഐ കുത്തേറ്റതിന് പിന്നാലെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എ എസ് ഐയെ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച അനീഷിനെ കൂടുതൽ പൊലീസുകാരെത്തി അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.
പ്രതി എ എസ് ഐയെ കുത്തുന്നതടക്കമുള്ള സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇയാൾ ഒന്നിലധികം തവണയാണ് എ എസ് ഐ ശംഭു ദയാലിനെ കുത്തിയത്. പൊലീസ് സ്‌റ്റേഷനിൽ എത്തുന്നതിന് മുമ്പായാണ് പ്രതി അനീഷ് എ എസ് ഐ ശംഭു ദയാലിനെ കത്തികൊണ്ട് ആക്രമിച്ചത്. വയറിലും അരയിലും കഴുത്തിലും പലയിടത്തും കുത്തുകയായിരുന്നു. രാജസ്ഥാനിലെ സിക്കറിലെ തെഹ്‌സിൽ നീം കാ താന വില്ലേജ് ഗാവ്‌ലി ബിഹാരിപൂർ നിവാസിയാണ് ശംഭു ദയാൽ. ഭാര്യ സഞ്ജന, രണ്ട് പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. ഗായത്രി, പ്രിയങ്ക എന്നിവരാണ് പെൺമക്കൾ. മകൻ ദീപക്. എ എസ് ഐ ശംഭു ദയാലിന്‍റെ മരണത്തിൽ ദില്ലി പൊലീസ് അനുശോചനം രേഖപ്പെടുത്തി. മരണവാർത്തയറിഞ്ഞതിന് പിന്നാലെ ദില്ലി പൊലീസ് ഉദ്യോഗസ്ഥർ കരോൾബാഗിലെ ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam