
മംഗളൂരു: മോഷണം പോയ ലക്ഷങ്ങളുടെ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വീടിന്‍റെ വരാന്തയില്‍ കണ്ടെത്തി. വീടിന്‍റെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയിലെ മുന്‍ഡാജെ ഗ്രാമത്തിലെ കദംബള്ളി വല്യയിലെ പ്രമോദ് എന്നയാളുടെ വീട്ടിലാണ് നാടകീയ സംഭങ്ങള്‍ അരങ്ങേറിയത്.
സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ വീടിന്‍റെ താഴെയായി രഹസ്യ അറയും ഉണ്ടാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് പ്രമോദിന്‍റെ ഭാര്യ രഹസ്യ അറയില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചത്. ക്ഷണിക്കപ്പെട്ട പരിപാടിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് പോകുന്നതിനായാണ് രഹസ്യ അറ തുറന്നത്. അഞ്ചു ലക്ഷം രൂപ വിലവരുന്ന 122 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍, രഹസ്യ അറ തുറന്നു പരിശോധിച്ചെങ്കിലും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ പ്രമോദ് പരാതി നല്‍കി. തുടര്‍ന്ന് പോലീസെത്തി വീട്ടില്‍ വിശദമായി പരിശോധിച്ചു. സ്വര്‍ണാഭരണം മോഷ്ടിച്ച പ്രതികള്‍ക്കായി അന്വേഷണവും ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് വീടിന്‍റെ പെയിന്‍റ് അടിക്കാനും സിമന്‍റ് പ്ലാസ്റ്ററിങിനുമായി 13 ജോലിക്കാരെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ദിവസങ്ങള്‍ക്കുശേഷം ജോലി പൂര്‍ത്തിയാക്കി തൊഴിലാളികള്‍ മടങ്ങിയിരുന്നുവെന്നും പ്രമോദ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്.പരാതി നല്‍കി രണ്ടു ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെ വീടിന്‍റെ വരാന്തയില്‍ സ്വര്‍ണാഭരണങ്ങല്‍ കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്. സ്ഥിരം മോഷ്ടാക്കളായിരിക്കില്ല മോഷണത്തിന് പിന്നില്ലെന്നും പോലീസ് പിടിക്കുമെന്ന ഭയത്താല്‍ പരാതി നല്‍കിയതറിഞ്ഞ് സ്വര്‍ണാഭരണം തിരിച്ചുനല്‍കിയതായിരിക്കാമെന്നുമാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് വിശഗദമായ അന്വേഷണം നടത്തുമെന്ന് ധര്‍മസ്ഥല പോലീസ് പറഞ്ഞു. എന്തായാലും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പ്രമോദും കുടുംബവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam