
ആലപ്പുഴ: മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കൂടി ഉണ്ടെന്ന് ബന്ധുക്കള്‍. ഈ സംഘം പല തവണയായി 65 ലക്ഷത്തോളം രൂപ ശ്രീദേവിയമ്മയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീദേവിയമ്മ പൂജാ മുറിയില്‍ തൂങ്ങി മരിച്ചത്.
മാന്നാറിലെ മുന്‍ വനിത പഞ്ചായത്ത് അംഗവും മറ്റൊരു സ്ത്രീയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. 'കേന്ദ്രപദ്ധതി പ്രകാരം 55 വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി കുറച്ച് പണം നല്‍കി സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ സ്ത്രീകള്‍ ശ്രീദേവിയമ്മയെ സമീപച്ചത്. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പണയം വച്ച് പണം നല്‍കി.' സംഘത്തിലുള്ള വിഷ്ണു എന്നയാള്‍ ബാങ്ക് മാനേജരായും ആദായനികുതി ഉദ്യോഗസ്ഥനായും ചമഞ്ഞ് ഫോണില്‍ സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
'പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ശ്രീദേവിയമ്മ മുഖേന പലരില്‍ നിന്നായി സംഘം പണം വാങ്ങിയിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞ ഇവര്‍ സ്വന്തം വീട് വിറ്റ് കടങ്ങള്‍ വീട്ടി. ഇത് സംബന്ധിച്ച് ശ്രീദേവിയമ്മ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.' ഒടുവില്‍ തട്ടിപ്പ് സംഘത്തിന്റെ നിരന്തര ഭീഷണി കൂടി വന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കഴിഞ്ഞ മേയ് മാസത്തില്‍ കുരട്ടിക്കാട്ടില്‍ ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയായ വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഘത്തിന്റെ തട്ടിപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam