ബെംഗളൂരുവിലും ദുർമന്ത്രവാദവും നരബലിയും ? പത്ത് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചെന്ന് സംശയം

By Web TeamFirst Published Jun 22, 2021, 12:02 AM IST
Highlights

ബെംഗളൂരുവില്‍ പത്തുവയസുകാരിയായ പെൺകുട്ടിയെ ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി ബലിനല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. പിടിയിലായവരില്‍ പൂജാരിയും രണ്ട് സ്ത്രീകളുമുണ്ട്. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
 

ബെംഗളൂരുവില്‍ പത്തുവയസുകാരിയായ പെൺകുട്ടിയെ ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി ബലിനല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. പിടിയിലായവരില്‍ പൂജാരിയും രണ്ട് സ്ത്രീകളുമുണ്ട്. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ജൂൺ 14ന് ബെംഗളൂരു നീലമംഗല റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ മറ്റൊരിടത്തേക്ക് പോയതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി. സംഭവം നടന്ന ദിവസം അയല്‍ക്കാരായ രണ്ട് സ്ത്രീകൾ വീട്ടില്‍ പൂജ നടക്കുന്നുണ്ടെന്നും പ്രസാദം തരാമെന്നും പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. 

ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് തിരഞ്ഞുപോയ മുത്തശ്ശി അടുത്ത വീടിന് സമീപത്തെ കൃഷിയിടത്തില്‍ മന്ത്രവാദം നടക്കുന്ന സ്ഥലത്ത് പേടിച്ചു നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. പ്രത്യേക വേഷം ധരിപ്പിച്ച് തന്നെ പൂജാരിയും സംഘവും ബലി നല്‍കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.

എന്നാല്‍ തങ്ങൾ കൃഷിയിടത്തോട് ചേ‍ർന്ന് പുതുതായി നിർമിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിടാനെത്തിയതാണെന്നാണ് പിടിയിലായവരുടെ വിശദീകരണം. പെൺകുട്ടിയോട് പൂജയില്‍ പങ്കെടുക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും പ്രതികൾ പറയുന്നു.

അതേസമയം ദുർമന്ത്രവാദ നിരോധന നിയമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായവരെ അഞ്ചുപേരെയും കേസില്‍ പ്രതിചേർത്തു. എന്നാല്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!