ബലാല്‍സംഗക്കേസിൽ അറസ്റ്റിലായ എസ്ഐക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Aug 29, 2019, 9:49 PM IST
Highlights

വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എആര്‍ ക്യാംപ് എസ്ഐ, ജി എസ് അനിലിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്.

കോഴിക്കോട്: ബലാല്‍സംഗക്കേസിൽ അറസ്റ്റിലായ കൊയിലാണ്ടി എആർ ക്യാമ്പ് എസ്ഐ ജിഎസ് അനിലിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ്  ചെയ്തു. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. അതിനിടെ, ബലാല്‍സംഗത്തിനിരയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതിന് അനിലിന്‍റെ ഭാര്യയ്ക്കും മകള്‍ക്കും മരുകനുമെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. 

വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എആര്‍ ക്യാംപ് എസ്ഐ, ജി എസ് അനിലിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. പയ്യോളി സ്‍റ്റേഷനില്‍ എസ്ഐ ആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയുമായിരുന്നെന്ന് യുവതി പറയുന്നു. 

തുടര്‍ന്ന് രണ്ടുവട്ടം ഗര്‍ഭിണിയായ യുവതി ഇയാളുടെ നിര്‍ബന്ധപ്രകാരം ഗര്‍ഭച്ചിദ്രം നടത്തുകയും ചെയ്തതു. മൊബൈലില്‍ തന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്ഐ അനില്‍ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ കു‍ഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മജിസ്ട്രേട്ടിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിട്ടുമുണ്ട്. 

അതിനിടെ, പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയതിന് എസ് ഐ അനിലിന്‍റെ ഭാര്യ ഷാഹി,  മകൾ അമ്മു, മരുമകൻ അനീഷ് എന്നിവർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. യുവതി ചികിത്സയിൽ കഴിയുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയാണ് ഇവര്‍  ഭീഷണിപ്പെടുത്തിയത്. അതിക്രമിച്ച് കയറൽ,  ഭീഷണിപ്പെടുത്തൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

click me!