പശുവിനെ കടിച്ചുകൊന്നതിന് പ്രതികാരം; ഊട്ടിയില്‍ രണ്ട് കടുവകളെ വിഷം വെച്ച് കൊന്ന് കര്‍ഷകന്‍

Published : Sep 12, 2023, 10:55 AM ISTUpdated : Sep 12, 2023, 11:05 AM IST
പശുവിനെ കടിച്ചുകൊന്നതിന് പ്രതികാരം; ഊട്ടിയില്‍ രണ്ട് കടുവകളെ വിഷം വെച്ച് കൊന്ന് കര്‍ഷകന്‍

Synopsis

ശേഖറിന്‍റെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്

നീലഗിരി: രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കര്‍ഷകന്‍ അറസ്റ്റില്‍. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം.

കുന്ദയില്‍ രണ്ട് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കടുവയുടെ ജഡം കിടന്ന അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ കടുവകളുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശേഖറിനെ പിടികൂടിയത്. 

എമറാള്‍ഡ് ഗ്രാമത്തില്‍ താമസിക്കുന്ന ശേഖറിന്‍റെ പശുവിനെ 10 ദിവസം മുന്‍പാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പശുവിന്‍റെ ജഡം കണ്ടെത്തി. ഏതോ വന്യമൃഗം പശുവിനെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ശേഖര്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. പശുവിനെ കൊന്ന മൃഗം അതിനെ ഭക്ഷിക്കാന്‍ വീണ്ടും വരുമെന്ന ധാരണയില്‍ പശുവിന്‍റെ ജഡത്തില്‍ ശേഖര്‍ കീടനാശിനി പ്രയോഗിച്ചു. ഇതോടെ രണ്ട് പെണ്‍ കടുവകളാണ് ചത്തത്.

ശേഖറിന്‍റെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടര്‍ന്ന് ശേഖറിനെ ചോദ്യംചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചു. നീലഗിരി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയാണ് ശേഖറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

നീലഗിരിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറ് കടുവകളാണ് ചത്തത്. മുതുമലയിലെ സിഗൂരില്‍ രണ്ട് ആഴ്ച പ്രായമുള്ള രണ്ട് കടുവക്കുട്ടികളുടെ ജഡമാണ് കണ്ടെത്തിയത്. മുതുമലയിലെ കാട്ടിലും നടുവട്ടത്തെ തേയില തോട്ടത്തിലും മറ്റ് രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രകൃതിസ്നേഹികള്‍ രംഗത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്