താനൂർ കൊലപാതകം: പിന്നില്‍ സിപിഎമ്മെന്ന് ലീഗ്; അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Oct 25, 2019, 11:34 AM IST
Highlights

പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്

കൊലപാതകത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും മലപ്പുറം എസ്പി യു അബ്ദുൾ കരീം പറഞ്ഞു. 

കൊലപാതകത്തിന് പിന്നിൽ സി​പി​എം ആ​ണെ​ന്ന് മുസ്ലീം ലീഗ് ആരോപിച്ചു.  വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്.  വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹർത്താൽ നടത്തുന്നുണ്ട്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. 

മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വൻ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. 

click me!